ഇതുപോലെ ചേച്ചി മീനൂട്ടിയെ കാത്തിരുന്നിട്ടില്ലേ? ആ കാത്തിരിപ്പ് ഈ ദൃശ്യങ്ങളിലൂടെ ഞങ്ങള്‍ കണ്ടു; പാട്ടിലെ മഞ്ജുവിന്റെ അഭിനയത്തെ പുകഴ്ത്തി ആരാധകര്‍

മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന പുതിയ ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി. വാ വാ വോ എന്ന പാട്ടില്‍ മഞ്ജുവിന്റെ ഗര്‍ഭകാലമാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിഗംഭീരമായാണ് താരം അഭിനയിച്ചിരിക്കുന്നത്. ഭര്‍ത്താവായെത്തുന്ന ഇന്ദ്രജിത്തിന്റെ പ്രകടനത്തെയും ആരാധകര്‍ പുകഴ്ത്തുന്നുണ്ട്. വരിയോ ഈണമോ ശബ്ദമോ ഒന്നും ശ്രദ്ധിച്ചില്ലെന്നും ഇരട്ടക്കുട്ടികളുടെ അച്ഛന്‍’ എന്ന സിനിമയില്‍ പോലും മഞ്ജു ചേച്ചിയെ ഇങ്ങനെ കണ്ടിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. നമുക്ക് ചേച്ചിയെ നഷ്ടപ്പെട്ട ആ 14 വര്‍ഷത്തില്‍ ഒരു സമയം ചേച്ചി ഇതുപോലെ മീനൂട്ടിയെ കാത്തിരുന്നിട്ടില്ലേ? നമ്മള്‍ കാണാത്ത ആ കാത്തിരുപ്പ് ഈ ദൃശ്യങ്ങളിലൂടെ ഒന്ന് കണ്ടു. കുസൃതികള്‍ ഏറെയുള്ള ഒരു അമ്മ മനസ്സ്…കാത്തിരിക്കുന്നു.. നമ്മുടെ മീനുക്കുട്ടിയ്ക്കായി. ഒരാള്‍ കുറിച്ചു. ഇതൊരു സിനിമാ പാട്ടാണെന്ന് തന്നെ മറന്നുപോയെന്നും മഞ്ജു സുന്ദരിയായിട്ടുണ്ടെന്നും മറ്റൊരു ആരാധകന്‍ കുറിച്ചു. നേരത്തെ ഇതേ ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ഗാനവും ആരാധപ്രശംസ ഏറെ നേടിയിരുന്നു. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ആ പാട്ട് ആലപിച്ചത്. ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫ് ആണ്. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. വിഷുവിന് റിലീസ് ചെയ്യുന്ന ചിത്രത്തിനെതിരെ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ കോപ്പിയടി ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Top