മഞ്ജുവിനെ ഒഴിവാക്കി നയന്‍താരയെ നായികയാക്കിയ സംഭവം; വിശദീകരണവുമായി സംവിധായകന്‍ രംഗത്ത്

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍ എങ്കില്‍ തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് നയന്‍താര അറിയപ്പെടുന്നത്. മലയാള സിനിമയില്‍ നിന്നും തമിഴകത്തേക്ക് ചേക്കേറിയ നയന്‍സിനെ തമിഴ് സിനിമാ ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മഞ്ജു വാര്യരാകട്ടെ എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നായികയായി തുടരുകയും ചെയ്യുന്നു. അരിവഴകന്റെ ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയായിരുന്നു മഞ്ജു വാര്യര്‍. എന്നാല്‍ മഞ്ജുവിനെ മാറ്റി നയന്‍താരയെ നായികയാക്കിയെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തള്‍ വന്നത്. ഈ വാര്‍ത്തയുടെ സത്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ അറിവഴകന്‍. മഞ്ജു വാര്യര്‍ക്ക് പകരക്കാരിയായിട്ടല്ല നയന്‍താരയെ കൊണ്ടു വന്നതെന്നാണ് അറിവഴകന്‍ വ്യക്തമാക്കിയിരിക്കുന്നത്. മറിച്ച് മറ്റൊരു സിനിമയിലേക്കാണ് നയന്‍താരയെ കാസ്റ്റ് ചെയ്യുന്നത്. മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറും നയന്‍താരയുടേത് സൈക്കോളജിക്കല്‍ ത്രില്ലറുമാണെന്ന് അറിവഴകന്‍ ട്വീറ്റ് ചെയ്തതോടെയാണ് ആശയക്കുഴപ്പം മാറിയത്. മഞ്ജു വാര്യരുടെ മിക്ക സിനിമകളും കണ്ടതിന് ശേഷമാണ് മഞ്ജുവിനെ നായികയാക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ശക്തമായ കഥാപാത്രവും അഭിനയ സാധ്യതയുമുള്ള കഥാപാത്രമായതിനാലാണ് മഞ്ജുവിനെ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. മഞ്ജു വാര്യരുടെ ഡേറ്റ് ലഭിച്ചതിന് ശേഷം ചിത്രത്തിലെ കൂടുതല്‍ താരങ്ങളെക്കുറിച്ച് വ്യക്തമാക്കുമെന്നും അറിവഴകന്‍ ട്വീറ്റ് ചെയ്തു.

Top