സന്തോഷ് ശിവനുവേണ്ടി പാട്ട് പാടി മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ ഒരിടവേളയ്ക്ക് ശേഷം ഗായികയാകുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ പിന്നണി പാടുന്നത്. ഹരി നാരായണന്‍ എഴുതി നവാഗതനായ രാം സുരേന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനമാണ് ചിത്രത്തിലെ നായിക കൂടിയായ മഞ്ജു പാടിയത്. ‘കാന്താ…’എന്നു തുടങ്ങുന്ന ഒരു അടിപൊളി പാട്ടാണ് മഞ്ജുവിന്റെ ശബ്ദത്തില്‍ കേള്‍ക്കാനാകുക. ഗോപി സുന്ദറിന്റെ സംഗീതസംവിധാനത്തിലുള്ള മറ്റ് പാട്ടുകളും ഈ ചിത്രത്തിലുണ്ട്.
‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന ചിത്രമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ‘ചെമ്പഴുക്ക’, ജോ ആന്‍ഡ് ദ ബോയ്യിലെ ‘ഡു ഡു ഡു എന്‍ജോയ് വാട്ട് യു ഡു’ എന്നു തുടങ്ങുന്ന ഗാനങ്ങളാണ് മഞ്ജു മുമ്പ് സിനിമയില്‍ പാടിയിട്ടുള്ളത്. മോഹന്‍ലാല്‍, ജയറാം, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം സ്വന്തം ചിത്രങ്ങള്‍ക്കായി പിന്നണി പാടിയിട്ടുണ്ടെങ്കിലും നായികമാര്‍ പാടുന്നത് അപൂര്‍വമാണ്. അപര്‍ണ ബാലമുരളിയും രമ്യ നമ്പീശനുമാണ് ഗാനാലാപനത്തില്‍ തിളങ്ങുന്ന നായികമാര്‍.

ഹരിപ്പാട് നടന്നുവരുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ഷൂട്ടിംഗ് ഇന്ന് പൂര്‍ത്തിയാകും. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍. മഞ്ജുവിനോടൊപ്പം കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നു. ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top