കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്!.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് വിവരം .കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് വിചാരണ കോടതിയെ സമീപിച്ചു. ദിലീപിന് പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ വിചാരണ കോടതി ഫോറന്‍സിക് ലാബിന് നിര്‍ദേശം നല്‍കി.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പരിശോധന ഫലത്തില്‍ താനുന്നയിച്ച മുഴുവന്‍ വിവരങ്ങളുമില്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് വിചാരണ കോടതിയെ വീണ്ടും സമീപിച്ചത്. തുടര്‍ന്ന് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ തന്നെ ദിലീപ് ആവശ്യപ്പെട്ട വിവരങ്ങൾ പൂർണ്ണമായി കൈമാറണമെന്ന് സെൻട്രല്‍ ഫോറൻസിക് ലാബിനോട് വിചാരണ കോടതി നിർദ്ദേശിക്കുകയും ചെയ്തു. ദ്യശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്താമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ദിലീപ് തന്നെ സാങ്കേതിക വിദഗ്ധനെ കണ്ടെത്തി പരിശോധനയ്ക്കയച്ചത്. എന്നാല്‍ പരിശോധന റിപ്പോര്‍ട്ടില്‍ പല കാര്യങ്ങളും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ദിലീപിന്റെ വാദം.

മാർച്ച് നാലിന് കുഞ്ചാക്കോ ബോബനെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ പി ടി തോമസ് അടക്കമുള്ള സാക്ഷികൾ ഹാജരാകാൻ അസൗകര്യം ഉണ്ടെന്നത് അഭിഭാഷകർ മുഖേന കോടതിയെ അറയിച്ചിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ എത്താത്തത് സംബന്ധിച്ച് വിശദീകരണം നല്കിയിരുന്നില്ല.

എറണാകുളത്തെ അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. റിമി ടോമി, മുകേഷ് അടക്കമുളളവരെ ഇനി സാക്ഷി വിസ്താരം നടത്താനുണ്ട്.നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി നിര്‍ണായകമാണ്. മഞ്ജു വാര്യര്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ ദിലീപ് ഇടപെടല്‍ നടത്തിയതായി നേരത്തെ കുഞ്ചാക്കോ ബോബന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

Top