സിനിമയില്‍ മാത്രമല്ല പൊതുവേദിയിലും കൈയടി വാങ്ങി കൂട്ടുന്ന നടിയാണ് മഞ്ജു വാര്യര്‍. ചെന്നൈയില്‍ നടന്ന ജസ്റ്റ് ഫോര്‍ വിമന്‍ പുരസ്‌കാര വേദിയില്‍ നിന്നുമാണ് സദസിനെ അതിശയിപ്പിച്ച മഞ്ജുവിന്റെ പ്രസംഗമെത്തിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു മഞ്ജു തുറന്ന് സംസാരിച്ചത്. ‘പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്‌കാരങ്ങളും പ്രചോദനത്തെക്കാള്‍ മുകളിലാണ്.
ആ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട് ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്ന് നിങ്ങളെ പഠിപ്പിക്കും. ഈ സായാഹ്നത്തില്‍ സ്ത്രീകള്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാട് സന്തോഷമേയുള്ള കാര്യങ്ങളാണ്. എന്നാല്‍ സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നുവോ അത് നമ്മള്‍ ജീവിക്കുന്ന പുരോഗമന സമൂഹത്തിന്റെ പരാജയമാണ്.
രാജ്യത്തെ വേദനിക്കുന്ന സ്ത്രീകള്‍ക്കായി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു. എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമായിരിക്കും എന്റെ നിലാപാടുകളെന്ന് ഞാന്‍ വാക്കു നല്‍കുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊര്‍ജ്ജത്തിനും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നുവെന്നും’ മഞ്ജു പറയുന്നു. പുരസ്‌കാരം വാങ്ങിയതിന് ശേഷം വേദി വിടാനൊരുങ്ങിയ മഞ്ജുവിനോട് അവതാരക രണ്ട് വാക്ക് തമിഴില്‍ സംസാരിക്കാമോ എന്ന് ചോദിച്ചിരുന്നു.
താന്‍ ജനിച്ച് വളര്‍ന്നത് തന്നെ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ആണ്. അത് കൊണ്ട് തമിഴ് സംസാരിക്കാനും വായിക്കാനും എഴുതാനും അറിയാമെന്നും മഞ്ജു പറയുന്നു. തുടര്‍ന്ന് നടി സ്രിമനൊപ്പം ഒരു തമിഴ് ഗാനത്തിന് ചുവടുവെച്ചിട്ടാണ് മഞ്ജു വേദി വിട്ടത്.