ഒടിയന്‍ ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

ആരാധകരെ ഞെട്ടിച്ച് ഒടിയന് വേണ്ടി മോഹന്‍ലാല്‍ പുതിയ ലുക്ക് സ്വീകരിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതുവരെ കാണാത്ത ലാലിനെയാകും ചിത്രത്തില്‍ കാണാനാവുക എന്ന് ഇതിനോടകം തന്നെ വ്യക്തമാണ്. എന്നാല്‍ എന്താണ് ഒടിയനെന്ന് ഒറ്റവാക്കില്‍ പറയാമോ എന്ന ചോദ്യത്തിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

‘ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയനെന്നായിരുന്നു’ ശ്രീകുമാര്‍ മേനോന്റെ മറുപടി. ഒടിയന്‍ ഒരു മാസ് ചിത്രമാണ്. മലയാള സിനിമ ഇതുവരെ കാണാത്ത ഫൈറ്റ് സീക്വന്‍സുകളാണ് ചിത്രത്തില്‍ ഉള്ളത്’ -ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അണിനിരക്കുന്നത് മഞ്ജു വാര്യര്‍, പ്രകാശ് രാജ്, മനോജ് ജോഷി, നരേന്‍ തുടങ്ങി വമ്പന്‍ താരനിരയാണ്. പീറ്റര്‍ ഹെയ്നാണ് സംഘട്ടനം.

ദേശീയ അവാര്‍ഡ് ജേതാവും, മാദ്ധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. വി.എഫ് .എക്സിന് ഏറെ പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഡിസംബറില്‍ ഒടിയന്‍ തിയറ്ററിലെത്തുമെന്നാണ് സൂചന.

Top