കൈനീട്ടം കേരളീയര്‍ക്ക് ഏറെ പ്രിയപ്പെട്ടതും വിലപ്പെട്ടതുമാണ്. ഇവിടെ മഞ്ജുവാര്യര്‍ തനിക്ക് കിട്ടിയ ഒരു വിഷു കൈ നീട്ടത്തെക്കുറിച്ച് പറയുകയാണ്. രണ്ട് കുഞ്ഞുങ്ങളുടെയും ഒരമ്മയുടെയും ഹൃദയം നിറഞ്ഞ പുഞ്ചിരിയാണ് ആ കൈനീട്ടം. മഞ്ജുവിനത് ഒരിക്കലും മാറക്കാനാകാത്ത കൈനീട്ടമാണ്. തിരിച്ച് അവര്‍ക്കും. ‘ഇനിയുള്ള വിഷുക്കാലങ്ങളിലെല്ലാം ഓര്‍ക്കാന്‍ കഴിയുന്ന സൗഭാഗ്യം’ ആര്‍ച്ചയെയും ആതിരയെയും ചേര്‍ത്തുപിടിച്ച് അവരുടെ അമ്മ രമ്യയെ ഒപ്പംനിര്‍ത്തി നടി മഞ്ജുവാര്യര്‍ പറഞ്ഞു. രണ്ട് പെണ്‍കുഞ്ഞുങ്ങളുമായി അന്തിയുറങ്ങാന്‍ ഓടുന്ന തീവണ്ടികളില്‍ അഭയം തേടിയിരുന്ന ഈ കുടുംബത്തിനുവേണ്ടി നിര്‍മിച്ച വീട് കൈമാറാന്‍ എത്തിയതായിരുന്നു മഞ്ജു. നീലയും കസവും ചേര്‍ന്ന കരയുള്ള സെറ്റുസാരിയുടുത്ത് ചന്ദനക്കുറിയണിഞ്ഞ്, നിറഞ്ഞ ചിരിയുമായാണ് മഞ്ജു വന്നിറങ്ങിയത്. ഏവൂര്‍ അമ്പലത്തിന് വടക്കുമാറി പഞ്ചവടി ജങ്ഷനടുത്ത് അഞ്ച് സെന്റില്‍ നിര്‍മിച്ച മനോഹരമായ വീട്.
മുറ്റത്തും പരിസരത്തും തടിച്ചുകൂടിയ പുരുഷാരത്തിനു നടുവിലൂടെ മഞ്ജു നടന്നുകയറിയത് അടുക്കളയിലേക്ക്. അടുപ്പില്‍ പൂമാലയിട്ട കലം. മഞ്ജു അടുപ്പിലേക്ക് തീപകര്‍ന്നു. കലത്തില്‍ നിറച്ച പാല്‍ തിളച്ചുതൂകുമ്പോള്‍ മഞ്ജുവിനടുത്ത് ആര്‍ച്ചയും അനിയത്തി ആതിരയും, പിന്നെ അച്ഛനമ്മമാരായ രമ്യയും പ്രദീപും. പുറത്ത് ആരാധകര്‍ തിരക്കുകൂട്ടി. ഫോണുകള്‍ നീണ്ടുവന്നു… സെല്‍ഫിയെടുക്കാന്‍. ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ അഞ്ച് സെന്റിലാണ് വീട് നിര്‍മിച്ചത്. രണ്ട് കിടപ്പുമുറി, ഒരു കടമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട് എന്നിവയെല്ലാമുണ്ട്. ”ഇതിനേക്കാള്‍ ചെറിയ വീടുകളിലാണ് ഈ കുഞ്ഞുങ്ങളുടെ പ്രായത്തില്‍ ഞാന്‍ ജീവിച്ചത്. ഇവരിലൂടെ ഞാന്‍ എന്നേത്തന്നെയാണ് കാണുന്നത്. ഇവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള കൂടൊരുക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദിപറയുന്നു. ഒപ്പം ഇവരിലേക്ക് എത്താനുള്ള വഴിയൊരുക്കിയവര്‍ക്കും നന്ദി”മഞ്ജു പറഞ്ഞു.
2016 ജൂണ്‍ 30ന് മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജ് വാര്‍ത്തയായിരുന്നു ആര്‍ച്ചയുടെയും കുടുംബത്തിന്റെയും ജീവിതം. മഞ്ജുവാര്യരുടെ സൗമനസ്യത്തിന്റെ സാക്ഷ്യമായി വീടുയര്‍ന്നു. നേരത്തെ മൂന്നുതവണ മഞ്ജു ഇവിടെ എത്തിയിരുന്നു. ആദ്യം വാടകവീടിന്റെ പാലുകാച്ചാന്‍, പിന്നീട് സ്ഥലത്തിന്റെ രേഖ കൈമാറാന്‍, നാലുമാസംമുമ്പ് വീടിന് കല്ലിടാനും. ഒരുമണിക്കൂറോളം പുതിയ വീട്ടില്‍ ചെലവഴിച്ചശേഷമാണ് ഇത്തവണ മഞ്ജു മടങ്ങിയത്.