റിയോ ഡി ജനീറോ: ബോക്‌സിങില്‍ ഇന്ത്യയുടെ പ്രതീക്ഷയുയര്‍ത്തി മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ഇടികൂട്ടില്‍ ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ ലിഥ്വാനിയയുടെ പെട്രോസ്‌ക്കസിനെ ഇടിച്ചുവീഴ്ത്തിയാണ് മനോജ്കുമാര്‍ മുന്നേറിയത്.
പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വെല്‍റ്റര്‍വെയ്റ്റില്‍ മനോജ് കുമാര്‍ രണ്ടാം റൗണ്ടിലെ അവസാന പതിനാറില്‍ കടന്നു. 64 കിലോ ഗ്രാം വിഗത്തില്‍ മത്സരിക്കാനിറങ്ങിയ മനോജ് കുമാറിന് കടുത്ത വെല്ലുവിളിയായിരുന്നു ലിഥ്വനിയയുടെ പെട്രോസ്‌ക്ക്സ് ഉയര്‍ത്തിയത്. ഉയരം കുറഞ്ഞ പെട്രോസ്‌ക്കസിന്റെ അനുഭവ സമ്പത്തും അതിവേഗ പഞ്ചുകളും മനോജ് കുമാറിന് വെല്ലുവിളിയായി.
എന്നാല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് തന്ത്രപൂര്‍വം കളിച്ച മനോജ് കുമാര്‍ പോയിന്റുകള്‍ നല്‍കുന്ന പഞ്ചുകള്‍ തീര്‍ത്തു. ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ മനോജ് കുമാറ് ഒരു പോയിന്റിന് പെട്രോസ്‌ക്കസിനേക്കാള്‍ മുന്നിലായി എന്നാല്‍ മത്സരം കൈവിടുമെന്ന് സംശയിച്ച ലിത്വാനിയക്കാരന്‍ രണ്ടാം റൗണ്ടിന്റെ തുടക്കത്തിലേ തന്നെ ആക്രമണം തുടങ്ങി. എന്നാല്‍ ആ പതറച്ചയില്‍ നിന്നും പ്രതിരോധ തന്ത്രം പയറ്റി മനോജ് എതിരാളിയുടെ പിഴവുകള്‍ക്കായി കാത്തിരുന്നു.
രണ്ടാം റൗണ്ടിന്റെ പോയിന്റ് ടാലി വന്നപ്പോള്‍ മനോജ് കുമാര്‍ തന്നെയായിരുന്നു ലീഡ് നേടിയിരുന്നത്. അവസാന റൗണ്ടിലും പെട്രോസ്‌ക്കസ് മനോജ് കുമാറിനെ കടന്നാക്രമിച്ചെങ്കിലും മനോജ് കുലുങ്ങിയില്ല. പോയിന്റ് ലക്ഷ്യമാക്കിയുള്ള പഞ്ചുകള്‍ക്ക് മുന്നില്‍ എതിരാളി നിക്ഷപ്രഭനായി. അവസാന നിമിഷങ്ങളില്‍ മനോജ് ചെറിയപിഴവുകള്‍ വരുത്തിയപ്പോള്‍ മൂന്നാം റൗണ്ടില്‍ പെട്രോസ്‌ക്ക്സ് ഒരു പോയിന്റിന് മുന്നിലായിരുന്നു. പെട്രോസ്‌ക്ക്സിനെതിരായ വിജയം മനോജ് കുമാറിന് തീര്‍ച്ചയായും ആത്മവിശ്വാസം പകരുന്ന നേട്ടമാണ്.