പാരിസിലെ ഒളിംപിക്സ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഒരിക്കൽക്കൂടി മെഡൽ വെടിവച്ചിട്ട് ഇന്ത്യ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് പാരിസ് ഒളിംപിക്സിലെ രണ്ടാമത്തെ മെഡൽ സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ – ലീ വുൻഹോ സഖ്യത്തെ തോൽപ്പിച്ച് ഇരുവരും ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചു. കൊറിയൻ സഖ്യത്തിനെതിരെ 16–10നാണ് ഇന്ത്യയുടെ വിജയം. യോഗ്യതാ റൗണ്ടിൽ മൂന്നാമതെത്തിയാണ് മനു – സരബ്ജോത് സഖ്യം വെങ്കലപ്പോരിലേക്കു കടന്നത്. ഇതേയിനത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച റിതം സാങ്‌വാൻ – അർജുൻ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.
ഇതോടെ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ഇരട്ട സ്വർണം നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം മനു ഭാക്കറിനു സ്വന്തം. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനുവിനു സ്വന്തം. മെഡൽ വരൾച്ച നേരിട്ട ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ വീണ്ടും മെഡൽ സ്വന്തമാക്കിയത്. ഇന്നലെ രണ്ട് ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഷൂട്ടിങ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാനായിരുന്നില്ല. പുരുഷവിഭാഗം 10 മീറ്റർ എയർ റൈഫിളിൽ ഉജ്വല പോരാട്ടത്തിന് ഒടുവിൽ 208.4 പോയിന്റുമായി അർജുൻ ബബൂത്ത നാലാമതായി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ റമിത ജിൻഡാൽ 7–ാം സ്ഥാനത്തായി.