നിലമ്പൂര്‍ :മാവോസ്റ്റുകളുടെ കൊലപാതകം അതി ദുരൂഹമായി തുടരുമ്പോള്‍ തന്നെ ഏറ്റുമുട്ടലിന്റെ ചിത്രം -കാരണം പുറത്തുവിടാതെ പോലീസ് . നിലമ്പൂര്‍ കരുളായി വനത്തില്‍ വ്യാഴാഴ്ച പൊലീസ് വെടിവച്ചു കൊന്ന രണ്ടു മാവോവാദികളില്‍ ഒരാളായ അജിത എന്ന കാവേരി ഇതു വരെ ഒരു കേസിലും പ്രതിയല്ല എന്ന വിവരവും പുറത്തു വന്നു. എന്തിനു പിന്നെ അജിതയെ കൊന്നു. ? ഉന്നത വിദ്യാഭ്യാസത്തിന് ഉടമയായ അവര്‍ തിരസ്‌കരിക്കപ്പെട്ട സമൂഹത്തിന്റെ അവകാശപോരാട്ടത്തിനായി മാവോ വാദിയാവുകയായിരുന്നു. ചെന്നൈയ്ക്ക് സമീപം അമ്പത്തൂര്‍ സ്വദേശിനിയാണ് നാല്‍പ്പത്തിയഞ്ചുകാരിയായ അജിത.
ചെന്നൈയിലെ പ്രശസ്തമായ വനിതാകോളേജിലാണ് ഇവര്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മാവോവാദത്തില്‍ ആകൃഷ്ടയായി കര്‍ണാടക വനമേഖലയിലേക്ക് പോകുകയായിരുന്നു. കാവേരിയും ഒപ്പം കൊല്ലപ്പെട്ട കൃഷ്ണഗിരി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജും ആദിവാസികളുടെയും ദളിതരുടെയും ഉന്നമനത്തിനായി കര്‍ണാടകയുടെ വനമേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇവരെയാണ് തണ്ടര്‍ ബോള്‍ട്ട് കാട്ടിനുള്ളില്‍ വച്ച് വെടിവച്ച് കൊന്നത്. അക്രമം ഒന്നും നടന്നില്ലെന്നും പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന സൂചനകള്‍.
2009ല്‍ കേരള കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച പശ്ചിമഘട്ട പ്രത്യേക മേഖലയിലെ നാടുകാണി ദളത്തിലെ നേതാക്കളായിരുന്നു അജിത. അജിത അഞ്ചുവര്‍ഷം മുമ്പാണ് നേതൃത്വത്തിലേക്ക് ഉയരുന്നത്. ഝാര്‍ഖണ്ഡില്‍നിന്നും ഛത്തീസ്‌ഗഡില്‍നിന്നും അജിത ആയുധപ്രയോഗങ്ങളില്‍ വിദഗ്ധ പരിശീലനം നേടി. ദേവരാജനും അജിതയും ഉള്‍പ്പെടുന്ന മാവോവാദി സംഘത്തെ ഉറങ്ങിക്കിടക്കുമ്പോഴാണ് തണ്ടര്‍ബോള്‍ട്ടും തീവ്രവാദ വിരുദ്ധ സേനയും അക്രമിച്ചതെന്ന സംശയം സജീവമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ദേവരാജനും അജിതയ്ക്കും സംഘത്തിനും വിനയായത്. മറ്റു സഖാക്കള്‍ക്കും ഉത്തരേന്ത്യയില്‍ പഠിക്കുന്ന മകള്‍ക്കും ഫോണില്‍ ഇദ്ദേഹം സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഇതാണ് കുരുക്കായത്.
സംഘടനയുടെ കേന്ദ്ര സമിതിയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായിരുന്നു കുപ്പു ദേവരാജ്. 65 വയസ്സുള്ള ഇദ്ദേഹം എന്‍ജിനീയറിങ് പ്രഫഷനലാണ്. ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയില്‍ ടെക്നിക്കല്‍ ഓഫിസറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ടെലികോം ഓഫിസറാണ്. കര്‍ണാടകയിലെ പിപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ റെയ്ച്ചൂര്‍ ആയിരുന്നു ആദ്യ പ്രവര്‍ത്തനം. പിന്നീട് ആന്ധ്രയിലും ഛത്തീസ്‌ഗഡിലും പ്രവര്‍ത്തിച്ചു. 2009ല്‍ ദക്ഷിണേന്ത്യയിലെത്തി. രണ്ട് ദശാബ്ദമായി സുരക്ഷാ സേനകളുടെ കണ്ണ് വെട്ടിച്ച് വനമേഖല കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം. ഊന്നുവടിയുടെ സഹായത്തോടെ സഞ്ചരിക്കുന്ന കുപ്പു വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ ശങ്കറും കര്‍ണാടകയില്‍ മഞ്ജുവും ആന്ധ്രയില്‍ ശേഷയ്യയെന്നുമാണ് അറിയപ്പെട്ടത്.
എട്ടുതവണ പൊലീസിന്റെ തോക്കിന്മുനയില്‍നിന്നും തലനാരിഴ വ്യത്യാസത്തിലാണ് ഇദ്ദേഹം രക്ഷപ്പെട്ടിരുന്നത്. ഝാര്‍ഖണ്ഡിലും ഛത്തീസ്‌ഗഡിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ദേവരാജിനെതിരേ 52ഓളം കേസുകളുണ്ട്. ഇരുപതോളം പൊലീസുകാരെ വധിച്ച കേസുകളുമുണ്ട്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ദേവരാജിന്റെ തലയ്ക്ക് 10 ലക്ഷവും ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ ഏഴുലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു. ഈ വെല്ലുവളിയെല്ലാം അതിജീവിച്ചായിരുന്നു കുപ്പുസ്വാമി പോരാട്ട പാതിയിലായിരുന്നു. ഒരുമാസം മുമ്പ് കര്‍ണാടക ക്യൂ ബ്രാഞ്ച് ഇദ്ദേഹത്തിന്റെ നമ്പര്‍ മനസ്സിലാക്കുകയും അതിലേക്കുവരുന്ന സന്ദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് താവളം ആക്രമിച്ചതെന്നാണ് സൂചന.
കുന്നിന് മുകളിലായിരുന്ന മാവോയിസ്റ്റുസംഘം കാട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനെതിരെയാണ് ആദ്യം വെടിവച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തുടര്‍ന്ന് കുന്നിന്റെ താഴെ ഭാഗത്തുണ്ടായിരുന്ന പൊലീസ് തിരിച്ചടിച്ചു. ഒരുമണിക്കൂര്‍ വെടിവെപ്പ് നടന്നെന്നാണ് ലഭിക്കുന്ന വിവരം. എത്ര റൗണ്ട് വെടിവച്ചുവെന്ന് പറയാന്‍ അധികൃതര്‍ തയാറായില്ല. ഷെഡുകളിലെ പരിശോധനയും ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി ഇന്നലെ സന്ധ്യയോടെയാണ് മൃതദ്ദേഹങ്ങള്‍ വനത്തിന് പുറത്തെത്തിച്ചത്. പിന്നീട് മൃതദ്ദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിനിടെ ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതില്‍ നിന്നാണ് ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ കൊലപാതകമാണ് നടന്നതെന്ന് സൂചനകള്‍ പുറത്തു വന്നത്. ഇത് നിഷേധിക്കാന്‍ പൊലീസും ന്യായങ്ങളുമായി എത്തിയില്ലെന്നത് ശ്രദ്ധേയമാണ്.കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഏറ്റെടുക്കാമെന്ന് മുന്‍നക്സലൈറ്റും എസ്ഡിപിഐയുടെ പോഷകസംഘടന എസ്ഡിടിയുവിന്റെ സംസ്ഥാന പ്രസിഡന്റുമായ ഗ്രോവാസു കോഴിക്കോട്ട് അറിയിച്ചു. ഈ വിവരം മലപ്പുറം എസ്‌പിയെ അറിയിച്ചിട്ടുണ്ടെന്നും ഗ്രോവാസു മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.