കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയൊരു അംഗീകാരം കൂടി. സഭയ്ക്ക് പാത്രിയര്‍ക്കല്‍ പദവി നല്‍കാന്‍ ചര്‍ച്ചകള്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പാത്രിയര്‍ക്കീസായി ഉയര്‍ത്താനും തീരുമാനം. കൊച്ചിയില്‍ പുരോഗമിക്കുന്ന സിനഡില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയുന്നു. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷനാകും. പ്രഖ്യാപനം സിനഡിനു ശേഷം റോമിലായിരിക്കും നടക്കുക. ഇതോടെ സീറോ മലബാര്‍ സഭയ്ക്ക് രണ്ട് കര്‍ദിനാള്‍മാരാകും.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജാം ബാറ്റിസ്റ്റാ ദിക്വാത്രോ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ സിനഡിനെ അഭിസംബോധന ചെയ്യുന്നുണ്ട്. അദ്ദേഹം 18 വരെ സിനഡില്‍ പങ്കെടുക്കുന്നുണ്ട്. അദ്ദേഹമായിരിക്കും തീരുമാനം സിനഡില്‍ അറിയിക്കുക. പുതിയ രൂപതകള്‍, ബിഷപ്പുമാരുടെ സ്ഥലം മാറ്റം എന്നിവയും പ്രഖ്യാപിക്കും.
മാര്‍ ആലഞ്ചേരിയെ പാത്രിയര്‍ക്കീസായി പ്രഖ്യാപിക്കുന്നതോടെ മേജര്‍ ആര്‍ച്ച് ബിഷപ് പദവി ഇല്ലാതാകും. പ്രഖ്യാപനം മുതല്‍ ‘സീറോ മലബാര്‍ പേട്രിയാര്‍ക്കേറ്റ് ‘ എന്നായിരിക്കും സഭ അറിയപ്പെടുക. സഭയുടെ അധികാരി പാത്രിയര്‍ക്കീസ് എന്നും അറിയപ്പെടും. ഇതോടെ സീറോ മലബാര്‍ സഭയ്ക്ക് സ്വയംഭരണാവകാശം ലഭിക്കുകയും പാത്രിയര്‍ക്കീസിന് അധികാരങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. പുതിയ രൂപതകള്‍ സ്ഥാപിക്കുന്നതും മെത്രാന്മാരെ നിയമിക്കുന്നതും ഉള്‍പ്പെടെ സഭയുടെ എല്ലാ ദൈനംദിന കാര്യങ്ങളിലും പാത്രിയര്‍ക്കീസിനായിരിക്കും പരമാധികാരം.
പുരാതന രേഖകളെല്ലാം സംഘടിപ്പിച്ച് സീറോ മലബാര്‍ സഭയ്ക്ക് ‘പേട്രിയാര്‍ക്കല്‍’ സ്വയംഭരണം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചത് മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റതിനു ശേഷമാണ്.