ന്യൂഡല്‍ഹി: തീരദേശപരിപാലന ചട്ടം ലംഘിച്ച് കൊച്ചി മരടില്‍ നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു മാറ്റിയേ തീരൂ എന്ന് സുപ്രീം കോടതി. ഉത്തരവിനെതിരെ ഫ്ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരേയും കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഹരജി തള്ളയിത്.
കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശനമുന്നയിച്ചു. തന്റെ ഉത്തരവ് മറികടക്കാന്‍ ഫ്ലാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നു.
ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് അറിയാമെന്നും കോടതി പറഞ്ഞു. അഭിഭാഷകര്‍ക്ക് പണം മാത്രം മതി എന്നായോ എന്നും കോടതി ചോദിച്ചു. ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര താക്കീത് നല്‍കി.
ഒരു കോടതിയും മരട് ഫ്ളാറ്റ് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നും അരുണ്‍ മിശ്ര ഉത്തരവിട്ടു. കാല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയതെന്നും കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ ഈ മാസം ഏഴിനകം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെപശ്ചാത്തലത്തിലാണ് മരട് നഗരസഭ അധികൃതരും ഫ്‌ളാറ്റ് ഉടമകളുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയത്. പാരിസ്ഥിതിക നിയമം ലംഘിച്ചാണ് നിര്‍മാണമെന്ന കാര്യം നിര്‍മാതാക്കള്‍ മറച്ചു വച്ചെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധി പറഞ്ഞതെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു.
എന്നാല്‍ നിയമലംഘനം അനുവദിക്കാനാകില്ലെന്നും കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്നും മന്ത്രി വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കാനുളള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന മരട് നഗരസഭയുടെ ആവശ്യവും സര്‍ക്കാര്‍ തളളിയിരുന്നു. നിയമം അനുസരിച്ച് നഗരസഭ തന്നെയാണ് ഈ ചെലവ് വഹിക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.