കൊച്ചി:മരട് ഫ്‌ലാറ്റ് വിവാദത്തിൽ മൂന്നുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആയി . തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിലാണ് ഹോളി ഫെയ്ത്ത് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് മരട് പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പി.ഇ. ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിൽ മരട് പഞ്ചായത്ത് ആയിരുന്ന കാലത്തെ ഉദ്യോഗസ്ഥർക്കും ഫ്ലാറ്റ് നിർമാതാക്കൾക്കും എതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുവാദം തേടിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കു പുറമേ അഴിമതി നിരോധന (പിസി) നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു.
മരടിലെ ഫ്ലാറ്റുകൾക്കു നിർമാണ അനുമതി നൽകിയതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. ഫ്ലാറ്റ് നിർമാണത്തിനു തീരമേഖലാ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമർശിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ആദ്യം അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അതേസമയം പൊളിക്കുന്ന അഞ്ചു ഫ്‌ളാറ്റുകളുടെയും ഉടമകള്‍ക്കെല്ലാം ഒരുപോലെ 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കില്ല. നഷ്ടം കണക്കാക്കിയതനുസരിച് 13 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപവരെയാണ് ജസ്റ്റിസ് കെ .ബാലകൃഷ്ണന്‍ നായര്‍ സമിതി നിര്‍ണയിച്ചിട്ടുള്ളത്.
ഭൂമിയുടെയും ഫ്‌ളാറ്റിന്റെയും വില കണക്കാക്കി ഇതിന് ആനുപാതികമായാണ് ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതി വില നിര്‍ണയിച്ചിട്ടുള്ളത്. സമിതിയുടെ ആദ്യ റിപ്പോര്‍ട്ടില്‍ 14 ഫ്‌ലാറ്റ് ഉടമകളെയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് 13 ലക്ഷം രൂപ മുതല്‍ 25 രൂപ വരെയാണ് ലഭിക്കുക. 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടയാള്‍ക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ രണ്ടുകോടി അന്‍പത്തിയാറുലക്ഷത്തി ആറായിരം രൂപയാണ് ആകെ നഷ്ടപരിഹാരം നല്‍കേണ്ടി വരിക.
ഗോള്‍ഡന്‍ കായലോരത്തിലെയും ആല്‍ഫാ സെറിനിലെയും നാലുപേരെ വീതവും ജെയിന്‍ കോറല്‍ കോവിലെ ആറുപേരെയുമാണ് ഇപ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായി കണ്ടെത്തിയിട്ടുള്ളത്. ഇതിനിടെ മരട് ഫ്‌ലാറ്റ് തട്ടിപ്പുകേസില്‍ നിര്‍മ്മാതാക്കളെ നാളെ മുതല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടുള്ള ആല്‍ഫാ വെഞ്ചേഴ്സ് ഫ്‌ലാറ്റുടമ പോള്‍ രാജ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു. പോള്‍ രാജിന് പുറമെ ജെയിന്‍ കോറല്‍ കോവ് ഉടമ സന്ദീപ് മേത്ത, ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ് എന്നിവരോട് വ്യാഴാഴ്ചയും ഈ മാസം 21നുമായി ഹാജരാകാനാണ് നിര്‍ദ്ദേശം.
കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരത്തെ ഫ്‌ലാറ്റുടമകള്‍ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കാത്തതിനാല്‍ തല്‍ക്കാലം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകേണ്ടതില്ല .എന്നാല്‍ ഇവരും അന്വേഷണ പരിധിയില്‍ വരും. ഫ്‌ലാറ്റ് പൊളിച്ചു നീക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാരും മുന്നോട്ട് പോവുകയാണ്. സുപ്രീം കോടതി വിധിയനുസരിച്ച് ഇനിയുള്ള 90 ദിവസത്തിനുള്ളില്‍ ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ചു നീക്കേണ്ടതുണ്ട്.