ഫ്ലാറ്റുകള്‍ നിലംപൊത്തി; ഹോളിഫെയ്‌ത്തിന് പിന്നാലെ ആൽഫയും നിലംപൊത്തി, മരടിലെ ഇന്നത്തെ സ്ഫോടനങ്ങൾ പൂർത്തിയായി..

കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതുയർത്തിയ ഫ്ലാറ്റുകളിൽ മണ്ണടിഞ്ഞു. നിയന്ത്രിത സ്ഫോടനത്തിലൂടെ വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് ഫ്ലാറ്റുകൾ പൊളിച്ചത്. രണ്ടാമതായി 11.49ന് നടന്ന സ്ഫോടനത്തിൽ ആൽഫ സെറിന്റെ രണ്ട് ടവറുകളാണ് തകർന്നത്. സെക്കന്റുകൾക്കുള്ളിൽ രണ്ട് കെട്ടിടങ്ങളും നിലംപൊത്തുകയായിരുന്നു. രണ്ട് ഫ്ലാറ്റുകളുടെയും പൊളിക്കൽ വിജയകരമായി നടന്നതോടെ മരടിലെ ഇന്നത്തെ സ്ഫോടനങ്ങൾ പൂർത്തിയായി.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയും. വൻ ജനക്കൂട്ടമാണ് സ്ഫോടനം കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയത്.രണ്ടാം സൈറണ്‍ വൈകിയത് ചെറിയ ആശങ്ക സൃഷ്ടിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുളള രണ്ടാം സൈറണാണ് വൈകിയത്. 10.55 നാണ് രണ്ടാം സൈറണ്‍ നിശ്ചയിച്ചിരുന്നത്. നേവിയുടെ അനുമതിക്ക് കാത്തതായാണ് സൂചന. ഹെലികോപ്റ്റര്‍ മടങ്ങിയശേഷം സൈറണ്‍ മുഴങ്ങുകയായിരുന്നു.

നേരത്തെ, മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താൻ സമയം എടുത്തതിനെ തുടർന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകർന്നടിഞ്ഞത്. ഫ്ലാറ്രിന്റെ അടിത്തറ താഴേക്ക് പതിയുന്ന രീതിയിലുള്ള സ്ഫോടനമാണ് മരടിൽ നടന്നത്.കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റാണ് ഹോളിഫെയ്ത്ത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് കേരളത്തിൽ ഒരു ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലും വന്ന് പതിച്ചിട്ടുണ്ട്. ഹോളിഫെയ്‌ത്ത് പൊളിക്കൽ വിജയകരമായിരുന്നെന്ന് സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി എം.ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Top