മിഷന്‍ ഫ്ലാറ്റ് പൂര്‍ണം:ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; മരട് ഫ്ളാറ്റ് പൊളിക്കല്‍ ദൗത്യം പൂര്‍ണം, വീഡിയോ കാണാം…

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അവസാന ഫ്ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. നിശ്ചയിച്ച സമയത്തില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് ഫ്ളാറ്റ് പൊളിച്ചത്. 17 നിലകളിലായുള്ള 40 അപ്പാര്‍ട്മെന്‍റുകള്‍ അഞ്ച് സെക്കന്‍റ് കൊണ്ടാണ് നിലംപരിശായത്. ഇന്നലെയും ഇന്നുമായാണ് സുപ്രീംകോടതി വിധി നടപ്പാക്കിയത്.

എച്ച്ടുഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറിന്‍ എന്നീ ഫ്ലാറ്റുകള്‍ ഇന്നലെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ ഇന്ന് തകര്‍ത്തു. രണ്ട് ദിവസങ്ങളിലായി നടത്തിയ നിയന്ത്രിത സ്ഫോടനങ്ങള്‍ പൂര്‍ണവിജയമാണ്. സമീപത്തെ വീടുകളും സ്ഥാപനങ്ങളുമെല്ലാം സുരക്ഷിതമാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ സൈറണ്‍ 1.30 യ്ക്ക് മുഴങ്ങുമെന്നായിരുന്നു അറയിപ്പ്. എന്നാല്‍ 1.56 നായിരുന്നു ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.26 ന് രണ്ടാമത്തെ സൈറനും മുഴങ്ങി. 2.30 നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്. ഫ്ളാറ്റിന് സമീപത്തുള്ള അംഗന്‍വാടി കെട്ടിടം കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കുകയെന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം.

അംഗനവാടിക്കും സമീപത്തുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നാല് ഫ്ളാറ്റുകളില്‍ ഏറ്റവും ചെറുതം പഴയതുമായ ഗോള്‍ഡന്‍ കായലോരം തകര്‍ക്കാന്‍ 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. ഏറ്റവും കുറവ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതും ഗോള്‍ഡന്‍ കായലോരത്തിനായിരുന്നു. 7100 ടണ്‍ അവശിഷ്ടമാണ് ഈ ഫ്ളാറ്റ് പൊളിക്കുന്നത് വഴി ഉണ്ടാകുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് രാവിലെ മറ്റൊരു ഫ്ളാറ്റ് സമുച്ചയമായ ജെയ്ന്‍ കോറല്‍ കോവും പൊളിച്ച് നീക്കിയിരുന്നു. രാവിലെ 11 മണിക്കായിരുന്നു ഇത് പൊളിച്ചത്. മറ്റ് രണ്ട് ഫ്ളാറ്റുകള്‍ ശനിയാഴ്ചയാണ് പൊളിച്ച് നീക്കിയത്.

മറ്റ് ഫ്‌ളാറ്റുകളില്‍ നടത്തിയ ഇംപ്ലോഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാതെ കെട്ടിടം രണ്ടായി പിളര്‍ത്തിയാണ് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് തകര്‍ത്തത്. ചെറുതാണെങ്കിലും കായലിനോടും കെട്ടിടങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന 17 നിലകളുള്ള ഗോള്‍ഡന്‍ കായലോരം വ്യത്യസ്ത രീതിയിലാണ് പൊളിച്ചുനീക്കിയിരിക്കുന്നത്. മഴ പെയ്തിറങ്ങുന്നതു പോലെ ജയിന്‍ കോറല്‍ക്കോവ് നിലംപതിച്ചപ്പോള്‍, കിഴക്കു നിന്ന് തുടങ്ങി ഘട്ടംഘട്ടമായി വെള്ളച്ചാട്ടം പോലെയാണ് ഗോള്‍ഡന്‍ കായലോരം നിലംപതിച്ചത്.

കൃത്യം 1.30 യ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും അല്‍പം വൈകി 1.55 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. ആദ്യ സൈറണോടെ ആളുകളെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് മാറ്റി. ഇടറോഡുകളിലും ദേശീയ പാതയിലും ഗതാഗതം നിയന്ത്രണമുണ്ടായി. വൈദ്യുതി വിച്‌ഛേദിച്ചു. ആളുകളെ ഒഴിപ്പിച്ചു.ഏഴു കിലോമീറ്റര്‍ അകലെ മാത്രമാണ് കായല്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സ്‌ഫോടനം നടത്തുന്ന കായലിന്റെ പരിസരം പൂര്‍ണമായി പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. രണ്ടു മീറ്റര്‍ മാത്രം അകലെ നില്‍ക്കുന്ന രണ്ടു നില അംഗന്‍വാടി കെട്ടിടത്തിനു ഒരു കേടുപാടും കൂടാതെ ഗോള്‍ഡന്‍ കായലോരം പൊളിക്കുമെന്ന ഉറപ്പ് എഡിഫേസ് കമ്പനി അധികൃതര്‍ക്കു നല്‍കിയിരുന്നു. സ്‌ഫോടനം നടത്തുന്നതിനായി അഞ്ചു നിലകളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചത്. സ്റ്റെയര്‍കേസുകള്‍ ഉള്‍പ്പെടെ പൊളിച്ചു മാറ്റി രണ്ടു ടവറുകളായാണ് സ്ഫോടനം നടത്തിയത്.


ആദ്യ സൈറണ്‍ അര മണിക്കൂറോളം വൈകിയാണ് മുഴങ്ങിയത്. തുടര്‍ന്ന് 2.20 ന് രണ്ടാം സൈറണും മുഴങ്ങി. ഇതോടെ ഇടറോഡുകള്‍ പൂര്‍ണമായി ബ്ലോക്ക് ചെയ്തു. ദേശീയപാതയും അടച്ചു. തുടര്‍ന്ന് അഞ്ച് മിനിറ്റുകള്‍ക്കു ശേഷം 2.25 ന് സ്‌ഫോടനത്തിനുള്ള മൂന്നാം സൈറണ്‍ മുഴങ്ങി.ശേഷം 2.30 ന്കൃത്യം മരടില്‍ അവശേഷിച്ച അവസാനത്തെ ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരം നിലംപതിച്ചു. 10 നിലകളുള്ള ഭാഗം വലതു വശത്തേയ്ക്കും പിന്‍ഭാഗത്തുള്ള ബാക്കി നിലകള്‍ മറുവശത്തേയ്ക്കു പിളര്‍ന്നു വീഴുകയായിരുന്നു.

ചമ്പക്കര കനാല്‍ തീര റോഡിനോട് ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റാണ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിതുയര്‍ത്തിയത്. ഇതിനു പിന്നാലെയാണ് മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി നല്‍കിയത്.

2019 മേയ് 8 നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ അന്തിമമായി ഉത്തരവിട്ടത്. സി.ആര്‍.സെഡ്. മൂന്നിലാണു ഫ്‌ളാറ്റുകളെന്ന റിപ്പോര്‍ട്ട് പരിശോധിച്ചായിരുന്നു വിധി. ഫ്‌ളാറ്റ് കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും പ്രകൃതിദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക ഫ്‌ളാറ്റ് വാസികളാണെന്നും സുപ്രീംകോടതി വിധിയില്‍ വിലയിരുത്തി. കേരളത്തില്‍ സമീപവര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ച സുപ്രീം കോടതി വിധിയില്‍ മാറ്റമില്ലെന്നും കോടതിയുടെ സമയം ദുര്‍വ്യയം ചെയ്യരുതെന്നും ഒക്‌ടോബര്‍ 25-നു താക്കീതും നല്‍കി.

ഒക്‌ടോബറില്‍ തന്നെ പൊളിക്കല്‍ ജോലികള്‍ തുടങ്ങിയെങ്കിലും ജനുവരി ആദ്യ വാരം മുതലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരേ ഫ്‌ളാറ്റിലെ താമസക്കാരുടേതും പൊളിക്കല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള നാട്ടുകാരുടെ ആശങ്കയുമെല്ലാം അവഗണിച്ചാണ് പൊളിക്കല്‍ ജോലികള്‍ മുമ്പോട്ട് പോയത്. ഫ്‌ളാറ്റ് വാസികള്‍ക്കു സര്‍ക്കാര്‍ താമസസൗകര്യമൊരുക്കണം. നഷ്ടപരിഹാരം വ്യക്തമാക്കണമെന്നും കഴിഞ്ഞ സെപ്റ്റംബര്‍ 27-നു കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

2006 ഓഗസ്റ്റിലായിരുന്നു ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിനു മരട് പഞ്ചായത്തിന്റെ അനുമതി കിട്ടിയത്. കേരളാ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒട്ടേറെ നിയമനടപടികള്‍ക്ക് ശേഷമാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്തത്. ശനിയാഴ്ച രാവിലെ 11 മണിക്കു ശേഷം എച്ച്ടുഒ ഹോളിഫെയ്ത്തും, പിന്നാലെ ആല്‍ഫ സെറിനും നിലംപൊത്തിയിരുന്നു. ഞായറാഴ്ച രാവിലെ കൃത്യം 11.03 ഓടെയാണ് നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ഏറ്റവും വലുതായ ജയിന്‍ കോറല്‍കോവ് വീഴ്ത്തിയത്. ആറു മീറ്റര്‍ അകലെയുള്ള കായലില്‍ അവശിഷ്ടങ്ങള്‍ ഒന്നും വീഴ്ത്താതെയാണ് ഫ്‌ളാറ്റ് നിലംപരിശായത്. ഹോളിഫെയ്ത്ത്, ജയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ എഡിഫേസ് കമ്പനിയാണ് പഴുതുകളില്ലാതെ പൊളിച്ച് കയ്യടി നേടിയത്. ആല്‍ഫ സെറിന്‍ പൊളിച്ചത് വിജയ് സ്റ്റീല്‍സ് എന്ന കമ്പനി ആയിരുന്നു. ഇതോടെ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളും നിയമത്തിനു മുന്നില്‍ കീഴടങ്ങി, നിലംപതിച്ചു.

Top