മരട് ഫ്ലാറ്റ്: പൊളിക്കുന്നത് ആറായിരം വീടുകളെ ബാധിക്കും..!! വെടിക്കെട്ടിൽ എല്ലാം തകരും..!! പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: മരട് ഫ്ലാറ്റുകൾക്കെതിരായ പരാതിയിൽ ക്രൈബ്രാഞ്ച് അന്വേഷണം. നഗരസഭ കാര്യാലയത്തില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ രേഖകള്‍ കണ്ടെത്താനും ഫയലുകള്‍ പരിശോധിക്കാനുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നഗരസഭ കാര്യാലയത്തിലെത്തിയത്. മരടിലെ മൂന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

നിർമ്മാതാക്കളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിലെയും ലോക്കല്‍ പോലീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെയും രൂപവത്കരിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോസി ചെറിയാന്‍, സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജ് എന്നിവരുള്‍പ്പെടെയുള്ള ഏഴംഗ സംഘത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരെയും എസ്.എച്ച്.ഒ.മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ, നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിൽ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മരടിൽ പരിസരവാസികൾ ജനകീയ കൺവൻഷനും തുടർന്നു പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഫ്ലാറ്റ് പൊളിക്കാൻ തീരുമാനിച്ചശേഷം തുടർച്ചയായ ദിവസങ്ങളിൽ നാട്ടുകാർ നഗരസഭയിൽ എത്തുകയും ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാൽ ഫ്ലാറ്റ് പൊളിക്കാനുള്ള കരാർ നടപടികൾ പൂർത്തിയായ ശേഷം പരിസരവാസികളുമായി കാണാമെന്നു നഗരസഭാ സെക്രട്ടറി സ്നേഹിൽ കുമാർ ഉറപ്പുനൽകി.

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരത്തുള്ള ആറായിരത്തോളം വീടുകളെ ബാധിക്കുമെന്നാണു പരിസരവാസികൾ പറയുന്നത്. ചെറിയ വെടിക്കെട്ടിലും ചില്ല് തകരുന്ന വീടുകളാണു ചുറ്റിലുമുള്ളത്. ഫ്ലാറ്റിലുള്ളവർ ഒഴിഞ്ഞുപോയാലും നാട്ടുകാരുടെ കാര്യത്തിൽ എന്തു ചെയ്യുമെന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണു പരിസരവാസികളെ സംഘടിപ്പിച്ച് വൻ പ്രക്ഷോഭം നടത്തുമെന്നു നാട്ടുകാർ പറയുന്നത്. വരും ദിവസങ്ങളിൽ എംഎൽഎയെയും സർക്കാർ പ്രതിനിധികളെയും കണ്ടു പരാതി നൽകും. സർക്കാരിൽനിന്നു കൃത്യമായ ഉറപ്പ് ലഭിക്കാതെ ഫ്ലാറ്റ് പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഉള്ളതെന്നു പരിസരവാസിയായ സുധീഷ് പറഞ്ഞു.

 

Top