മരടില്‍ ബലയാടാകാന്‍ സർക്കാരില്ല !!ശബരിമലയിൽ പറ്റിയ മണ്ടത്തരം ആവർത്തിക്കരുതെന്ന് പാർട്ടി!!ഇരയ്‌ക്കൊപ്പമെന്ന അനുരഞ്ജന ഫോര്‍മുലയുമായി സി.പി.എം .കുടിയൊഴിപ്പിക്കുന്ന താമസക്കാര്‍ക്ക് നിര്‍മ്മാതാക്കള്‍ പകരം ഫ്‌ളാറ്റ് നല്‍കണം.ഫ്ലാറ്റ് ഉടമകള്‍ക്ക് വീണ്ടും നോട്ടീസ്; നഗരസഭാ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു.

തിരുവനന്തപുരം: മരടിൽ സർക്കാർ ഇരക്കൊപ്പം എന്ന നിലപാട് സ്വീകരിക്കണം എന്ന് സി.പി.എം.പുതിയ ഫ്‌ളാറ്റ് നല്‍കി പരിഹരിക്കാന്‍ സിപിഎം അനുരഞ്ജന ഫോര്‍മുല ഉണ്ടാക്കുന്നു . മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്കു ഫ്ളാറ്റ് നിര്‍മാതാക്കള്‍ പുതിയ കിടപ്പാടമൊരുക്കിക്കൊടുക്കുന്ന അനുരഞ്ജന ഫോര്‍മുലയുമായിട്ടാണ് സി.പി.എം രംഗത്ത് വന്നിരിക്കുന്നത് നിര്‍മ്മാതാക്കളുമായും ഉടമകളുമായും പാര്‍ട്ടിയും സര്‍ക്കാരും ചര്‍ച്ച നടത്തി തീരുമാനമെടുത്തു പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം.സുപ്രീം കോടതി വിധി നടപ്പാക്കാെത വഴിയില്ലെന്നിരിക്കെ പ്രതിസന്ധി എങ്ങനെ മറികടക്കാനാകുമെന്ന ആലോചനയിലാണ് ‘അനുരഞ്ജന ഫോര്‍മുല’ നടപ്പാക്കാനുള്ള തീരുമാനമുണ്ടായത്. ശബരിമല വിഷയത്തില്‍ സംഭവിച്ചതുപോലെ ‘മരടി’ ല്‍ സംസ്ഥാന സര്‍ക്കാര്‍ ബലിയാടാകരുതെന്നും സി.പി.എമ്മിനു നിര്‍ബന്ധമുണ്ട്.

സി .പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ചാണ് അനുരജ്ഞന നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനായി രണ്ടു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒത്തുതീര്‍പ്പിനു ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ വഴങ്ങിയില്ലെങ്കില്‍ കര്‍ശന നിയമനടപടികളിലേക്കു സര്‍ക്കാര്‍ കടക്കും. ഇത് അവരെ ബോധ്യപ്പെടുത്തും. സി.പി.എം. കടുപ്പിച്ചതോടെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ ചിലര്‍ നിലപാടില്‍ അയവുവരുത്തിയതായി സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരുംദിവസങ്ങളിലേ ഇതു സംബന്ധിച്ചു വ്യക്തത വരൂ. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ബദല്‍ സംവിധാനം പാര്‍ട്ടി തീരുമാനിക്കും. തീരദേശ സംരക്ഷണമേഖലയില്‍ ഫ്‌ളാറ്റിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടികളുണ്ടാകുമെന്നു സൂചനയുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റിദ്ധരിക്കപ്പെടുകയും തെരഞ്ഞെടുപ്പില്‍ അതു കനത്ത തിരിച്ചടിക്കു കാരണമാകുകയും ചെയ്തതായാണ് സി.പി.എമ്മിന്റെ അഭിപ്രായം. ”മരടി”ല്‍ അതുണ്ടാകാന്‍ പാടില്ലെന്നു പാര്‍ട്ടി കരുതുന്നു. മറ്റു പാര്‍ട്ടികള്‍ ”മരട്” സര്‍ക്കാരിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.എമ്മിന് അഭിപ്രായമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇരയ്‌ക്കൊപ്പം എന്ന നിലപാട് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്.

തിരിച്ചടി ഒഴിവാക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ മനസിലാക്കി. ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയും ഇരയ്‌ക്കൊപ്പമാണ്. നിയമം നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നും ഇരകളെ രക്ഷിക്കാന്‍ പദ്ധതി കണ്ടെത്തണമെന്നുമാണ് അവരുടെ ആവശ്യം. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ സംരക്ഷിക്കാനുള്ള സമരത്തിനു കൂട്ടുനില്‍ക്കില്ലെന്നും സി.പി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.ഐ. എറണാകുളം ജില്ലാകമ്മിറ്റി പ്രമേയം പാസാക്കിക്കഴിഞ്ഞു.

അതേസമയം മരട് നഗരസഭാ സെക്രട്ടറിയെ ഫ്ലാറ്റുകളിലെ താമസക്കാര്‍ തടഞ്ഞു. ഇന്ന് മൂന്ന് മണിക്കുള്ളില്‍ താത്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ അറിയിക്കണം. ഇല്ലെങ്കില്‍ പുനരധിവാസം ആവശ്യമില്ലെന്ന് കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന നോട്ടീസ് പതിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ഇനി ഇക്കാര്യത്തില്‍ അറിയിപ്പ് ഉണ്ടാകില്ലെന്നും നഗരസഭയുടെ നോട്ടീസില്‍ പറയുന്നു. ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭാ സെക്രട്ടറി ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റുടമകൾ നഗരസഭ സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എം.എൽ.എ എം സ്വരാജും സെക്രട്ടറിയുടെ നടപടികളെ ചോദ്യം ചെയ്തു. നഗരസഭ സെക്രട്ടറി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് എം സ്വരാജ് എം.എൽ.എ പ്രതികരിച്ചു.

ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാവിലെ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ഫ്ലാറ്റുകളിൽ സന്ദർശനം നടത്തിയിരുന്നു. പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ ഉദ്യോഗസ്ഥർ തെറ്റായി റിപ്പോർട്ട് നൽകിയെന്നാരോപിച്ച് നഗരസഭക്ക് മുന്നിൽ ഫ്ലാറ്റുടമകൾ ഉദ്യോഗസ്ഥരുടെ കോലം കത്തിച്ചു.

Top