നോട്ട് അസാധുവാക്കല്‍:സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി:നോട്ട് നിരോധനം സമ്പദ് വ്യവസ്‌ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് നോട്ട് നിരോധനമെങ്കിലും സമ്പദ് വ്യവസ്‌ഥയില്‍ താല്‍ക്കാലിക മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിനെ തുടക്കം മുതല്‍ പിന്തുണച്ചു വന്നതിനൊടുവിലാണ് രാഷ്ട്രപതിയുടെ തിരുത്ത്. സര്‍ക്കാര്‍ നടപടി പാവങ്ങളെ പരിക്കേല്‍പിക്കുമെന്നും മുഖര്‍ജി സൂചിപ്പിച്ചു.

രാഷ്ട്രപതി ഭവനില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഗവര്‍ണര്‍മാര്‍ക്ക് പുതുവത്സര സന്ദേശം കൈമാറുകയായിരുന്നു പ്രണബ് മുഖര്‍ജി. നോട്ട് അസാധുവാക്കല്‍ അഴിമതിക്കെതിരെ പോരാടാനും കള്ളപ്പണം ഇല്ലാതാക്കാനും സഹായിക്കുമ്പോള്‍ തന്നെ, സമ്പദ്വ്യവസ്ഥയില്‍ താല്‍ക്കാലിക മാന്ദ്യം ഉണ്ടാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.

പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ കുറക്കുന്ന നയങ്ങളാണ് ഉണ്ടാകേണ്ടത്. അവകാശത്തില്‍ അധിഷ്ഠിതമായൊരു സമീപനത്തില്‍നിന്ന് ദാരിദ്ര്യ നിര്‍മാര്‍ജന നയപരിപാടികളുടെ ഊന്നല്‍ സംരംഭകത്വത്തിലേക്ക് വഴിമാറുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. പ്രതീക്ഷിക്കുന്ന ദീര്‍ഘകാല പുരോഗതിയില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കിലും, ദരിദ്രരുടെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കാന്‍ അതീവ ശ്രദ്ധ വേണം. പാവപ്പെട്ടവര്‍ക്ക് ദീര്‍ഘകാലത്തേക്ക് കാത്തിരിക്കാനാവില്ല. വിശപ്പും തൊഴിലില്ലായ്മയും ചൂഷണവും ഇല്ലാതാക്കാനുള്ള ദേശീയ മുന്നേറ്റത്തില്‍ സക്രിയമായി പങ്കെടുക്കാന്‍ അവര്‍ക്ക് കഴിയണം. സഹിഷ്ണുത, ഭിന്നവീക്ഷണത്തെ മാനിക്കല്‍, സംയമനം എന്നിവ ബഹുസ്വര ജനാധിപത്യത്തില്‍ പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വാദവും വിയോജിപ്പുമൊക്കെ ഉണ്ടാകാമെങ്കിലും ബഹുമുഖ വീക്ഷണങ്ങള്‍ നിഷേധിക്കാന്‍ പറ്റില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ നിയമവാഴ്ചയെ മുറുകെപ്പിടിക്കണം. നാഗരികതയുടെ അടിസ്ഥാന മൂല്യങ്ങള്‍ വളര്‍ന്നു വരണമെന്ന് ഗവര്‍ണര്‍മാരോട് രാഷ്ട്രപതി പറഞ്ഞു.

നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് രാത്രി തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലത്തെി പ്രണബ് മുഖര്‍ജിയെ തീരുമാനം നേരിട്ട് അറിയിച്ചിരുന്നു. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് അന്നുതന്നെ അദ്ദേഹം പ്രത്യേക പ്രസ്താവന ഇറക്കുകയും ചെയ്തു. ഉറച്ച നടപടിയെന്നാണ് തീരുമാനത്തെ അദ്ദേഹം അന്ന് വിശേഷിപ്പിച്ചത്. കള്ളപ്പണവും കണക്കില്‍ പെടാത്ത സമ്പത്തും പുറത്തു കൊണ്ടുവരാന്‍ നടപടി സഹായിക്കും. ജനങ്ങള്‍ പരിഭ്രാന്തരാകാതെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം അസാധു നോട്ടുകള്‍ ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാനൂം അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ടുവിഷയത്തില്‍ ശീതകാല പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ണമായി മുടങ്ങുകയും കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടു സംഘങ്ങള്‍ തുടക്കത്തിലും സമാപനത്തിലുമായി രാഷ്ട്രപതിയെ ചെന്നുകണ്ട് നോട്ട് അസാധുവാക്കലിനെതിരെ നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, അന്നൊന്നും അദ്ദേഹം പരസ്യ പ്രതികരണത്തിനു മുതിര്‍ന്നില്ല. ദൈവത്തെയോര്‍ത്ത് പാര്‍ലമെന്‍റിന്‍െറ പ്രവര്‍ത്തനം മുടക്കരുതെന്ന രാഷ്ട്രീയ പാര്‍ട്ടികളെ ആഹ്വാനം ചെയ്യുകയുമുണ്ടായി.
നോട്ട് അസാധുവാക്കിയ 50 ദിവസം പിന്നിടുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് വീണ്ടും സംസാരിക്കുകയും ചെയ്ത ശേഷമാണ് പ്രണബ് മുഖര്‍ജി മാന്ദ്യത്തിന്‍െറ മുന്നറിയിപ്പുമായി രംഗത്തുവന്നത്. നോട്ടു റേഷനും പണഞെരുക്കവും മൂലമുള്ള മാന്ദ്യം ഇതിനകം തന്നെ വിവിധ മേഖലകളില്‍ പ്രകടമായിക്കഴിഞ്ഞെങ്കിലും, നോട്ട് അസാധുവാക്കല്‍ വഴി അവകാശപ്പെട്ട നേട്ടങ്ങള്‍ ശരിയാണെന്ന് ന്യായീകരിക്കുന്ന കണക്കുകളൊന്നും പുറത്തുവിടാന്‍ സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല.

Top