മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.നഷ്ടപരിഹാരം ഈടാക്കും

കൊച്ചി:മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുവാനും നിര്‍മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചു.അഞ്ച് കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കമ്പനി ഉടമകളെ പ്രതിയാക്കിയാണ് കേസെടുക്കുക. നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.ഫ്ലാറ്റുകള്‍ മൂന്ന് മാസത്തിനകം പൊളിച്ച് നീക്കാനും മന്ത്രിസഭാ യോഗം ധാരണയിലെത്തി. സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ ഫ്ളാറ്റ് പൊളിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു.

അതേസമയം മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. മരട നഗരസഭ സെക്രട്ടിറിയുടെ ചുമതലയാണ് നല്‍കിയത്. സമയബന്ധിതമായ പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഉടമകളെ പുനരധിവസിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കും. മരടില്‍ പൊളിക്കേണ്ട ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിതരണം വിച്ഛേദിക്കുന്നത് സംബന്ധിച്ചു കെ.എസ്.ഇ.ബി നോട്ടീസ് പതിച്ചു. ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായാണ് വൈദ്യുതി വിതരണം വിച്ഛേദിക്കുന്നത്. മരടിലെ ഫ്‌ളാറ്റുകള്‍ ​പൊളിച്ചാല്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച കൂടുതല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സുപ്രീകോടതിയില്‍ നടന്ന നടപടിക്രമങ്ങളും കോടതിയുടെ ശാസനയും ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഫ്ലാറ്റ് പൊളിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പൊളിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

മൂന്ന് മാസത്തിനകം ഫ്ലാറ്റ് പൊളിച്ച് നീക്കുമെന്ന് സൂപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. ഇതിനായുള്ള ആക്ഷന്‍പ്ലാന്‍ ടോംജോസ് മന്ത്രിസഭ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.പത്തിന കര്‍മ്മപദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്‍റെ ആദ്യപടിയായിട്ടാണ് വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാന്‍ നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനിയെ കണ്ടെത്തും. തുടര്‍ന്ന് നഗരസഭ ഫ്ലാറ്റ് പൊളിക്കാനുള്ള പ്രമേയം പാസ്സാക്കും. ഒക്ടോബര്‍ മൂന്നിനും ഏഴിനുമിടയില്‍ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നല്‍കും. ഒക്ടോബര്‍ നാലിനും ഡിസംബര്‍ നാലിനുമിടയില്‍ ഫ്ളാറ്റ് പൊളിച്ച് മാറ്റും. ഡിസംബര്‍ നാലിനും 19നുമിടയില്‍ ഫ്ലാറ്റിന്‍റെ അവിശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ഇതാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ആക്ഷന്‍പ്ലാന്‍.ഫ്ലാറ്റ് കെട്ടിയ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ധാരണയായിട്ടുണ്ട്. ഫ്ളാറ്റുടമകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.

Top