വിവാഹേതര ലൈംഗീകത: 158 വര്‍ഷം പഴക്കമുള്ള നിയമം ചോദ്യം മാറുമോ? കുടുംബ ഭദ്രത ഭീഷണിപ്പെടുത്തി ഉണ്ടാക്കേണ്ടതല്ല

ഡല്‍ഹി: വിവാഹ ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയല്ലെന്ന് സുപ്രിംകോടതി. പരസ്പരം എത്രത്തോളം യോജിച്ചു പോകാന്‍ കഴിയുമെന്നതിനെ അടിസ്ഥാനമാക്കിയാണ് വിവാഹ ബന്ധങ്ങളുടെ കെട്ടുറപ്പെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 വകുപ്പ് റദ്ദാക്കണമെന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ക്കുറ്റമാക്കുന്നതുകൊണ്ടുള്ള ‘പൊതുനന്മ’ എന്താണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. വിവാഹബന്ധത്തിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ ഇതാവശ്യമാണെന്ന കേന്ദ്രത്തിന്റെ വാദത്തോടു പ്രതികരിക്കുകയായിരുന്നു കോടതി. വിവാഹിതനായ ഒരാള്‍ അവിവാഹിതയുമായി ബന്ധപ്പെട്ടാലും വിവാഹത്തിന്റെ സംശുദ്ധി ഇല്ലാതാവില്ലേയെന്നു കോടതി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹേതരബന്ധത്തില്‍ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റിക്കൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം.

വിദേശരാജ്യങ്ങളിലെ നിയമങ്ങള്‍ ഇന്ത്യക്കു ചേരില്ലെന്നും ഇവിടത്തെ സാമൂഹികസാഹചര്യം കണക്കിലെടുത്തുവേണം തീരുമാനമെടുക്കാനെന്നും കേന്ദ്രത്തിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വാദിച്ചു. ഇന്ത്യയില്‍ വിവാഹമെന്നത് സംശുദ്ധമായ വ്യവസ്ഥയാണ്. അതിലേക്ക് അതിക്രമിച്ചുകടക്കുന്നത് ക്രിമിനല്‍ക്കുറ്റമായി നിലനില്‍ക്കണമെന്ന് അവര്‍ പറഞ്ഞു.

497-ാം വകുപ്പിന്റെ പൊതു നന്മയെന്താണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. അവിവാഹിതയുമായി ഭര്‍ത്താവ് ബന്ധപ്പെട്ടാല്‍ സ്ത്രീക്കു പരാതിപ്പെടാനും വകുപ്പില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. വിവാഹേതരബന്ധം കുടുംബപ്രശ്‌നം മാത്രമല്ലേയെന്നും അതു സമൂഹത്തിനെതിരായ കുറ്റകൃത്യമാവുന്നത് എങ്ങനെയാണെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു.

വിവാഹേതരബന്ധം ക്രിമിനല്‍ക്കുറ്റമാക്കുന്ന 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈന്‍ നല്‍കിയ ഹര്‍ജിയാണ് അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. ക്രിമിനല്‍ക്കുറ്റം ചുമത്തിയും ഭീഷണിപ്പെടുത്തിയുമല്ല കുടുംബഭദ്രതയും വിവാഹത്തിന്റെ സംശുദ്ധിയും നിലനിര്‍ത്തേണ്ടതെന്ന് ഹര്‍ജിക്കാരനുവേണ്ടി അഡ്വ. കാളീശ്വരം രാജ് വാദിച്ചു. വ്യക്തിഗതഗുണങ്ങളാണ് കുടുംബബന്ധത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വാദിച്ചു.

ഒരാളുടെ ഭാര്യയുമായി, അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്ന പുരുഷന്‍ കുറ്റക്കാരനാകുന്നതാണ് 497-ാം വകുപ്പ്. ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടയാള്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാം. ഭാര്യയെ ഇരയായിക്കണ്ട് വെറുതെവിടുകയും ചെയ്യും. അതാണ് ഇപ്പോഴത്തെ വകുപ്പ്.

തന്റെ ഭര്‍ത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാല്‍ സ്ത്രീക്ക് പരാതിപ്പെടാനുമാകില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും വിവാഹേതരബന്ധം ക്രിമിനല്‍ക്കുറ്റമല്ലെന്നിരിക്കെ ഇവിടെയും അങ്ങനെയല്ലാതാക്കണമെന്നാണ് ഹര്‍ജിയിലെ വാദം. അതേസമയം, വിവാഹമോചനത്തിനുള്ള സിവില്‍ കുറ്റമായി നിലനിര്‍ത്താമെന്നും ഹര്‍ജിയില്‍ പറഞ്ഞു.

Top