വിവാഹത്തട്ടിപ്പുകാരിയുടെ ഒന്നിച്ചുള്ള കൂട്ടാളിയും പിടിയില്‍

പന്തളം: വിവാഹ പന്തലില്‍നിന്നു നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച വിവാഹത്തട്ടിപ്പുകാരിയുടെ കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തെള്ളകം കുഴിച്ചാല്‍ കെ.പി. തുളസിദാസാണ്(42) അറസ്റ്റിലായത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.തുളസിദാസ് സഹോദരനാണെന്നാണ് ശാലിനിയും പോലീസിനോട് പറഞ്ഞിരുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ശാലിനിയെ കൊണ്ട് ഇയാളെ പന്തളം സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പില്‍ ഇയാളുടെ പങ്ക് വ്യക്തമായത്.വിവാഹത്തലേന്ന് ശാലിനിയെ ചെങ്ങന്നൂരില്‍ കൊണ്ടു വിട്ടതും തട്ടിപ്പിലൂടെ സ്വരൂപിക്കുന്ന പണം െകെകാര്യം ചെയ്തു വന്നിരുന്നതും ഇയാളാണെന്നും പോലീസ് പറഞ്ഞു. വിവാഹദിനത്തില്‍ ശാലിനി ധരിച്ച 50 പവന്‍ വരുന്ന ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നും പരിശോധനയില്‍ തെളിഞ്ഞു.
കേരളത്തില്‍ ഉടനീളം നിരവധിപ്പേരെ വിവാഹത്തട്ടിപ്പിനിരയാക്കിയ യുവതിയാണ് മറ്റൊരാളെ വിവാഹം കഴിക്കാനുളള ശ്രമത്തിനിടെ വിവാഹപന്തലില്‍നിന്ന് പിടിയിലായത്. വിവാഹതട്ടിപ്പിന് കുപ്രസിദ്ധിയാര്‍ജിച്ച വി ശാലിനി (32) കൊട്ടാരക്കര സ്വദേശിനിയാണ്. ഇവര്‍ ഇപ്പോള്‍ മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണ് താമസമെന്ന് പൊലീസ് വ്യക്തമാക്കുന്നു.കുളനട ഉള്ളന്നൂര്‍ വിളയാടശേരില്‍ ക്ഷേത്രത്തില്‍ കുളനട സ്വദേശിയുമായുള്ള വിവാഹചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. കല്യാണപന്തലിലെത്തിയ വരന്റെ സുഹ്യത്തുക്കളില്‍ ചിലര്‍ ശാലിനിയെ തിരിച്ചറിയുകയായിരുന്നു. പിന്നീട് പൊലീസെത്തി ശാലിനിയെ അറസ്റ്റ് ചെയ്തു.

പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയാണ് ശാലിനി ഇത്തവണ കുളനട സ്വദേശിയെ കുടുക്കിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പരസ്യം ശ്രദ്ധയില്‍പ്പെട്ട യുവാവ് ശാലിനെയെ ബന്ധപ്പെടുകയായിരുന്നു. ആദ്യം സഹോദരന്റെ ഭാര്യയാണെന്ന് പറഞ്ഞ് ഒരു യുവതി യുവാവുമായി ഫോണില്‍ സംസാരിച്ചു. പിന്നീട് മറ്റൊരു ഫോണില്‍ നിന്ന് ശാലിനി യുവാവിനെ വിളിക്കുകയും നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കോടതിയില്‍ ജോലിയുളള താന്‍ എല്‍.എല്‍.എം ബിരുദധാരിയാണെന്നാണ് ശാലിനി യുവാവിനോട് പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് മണ്ണാറശാല ക്ഷേത്രത്തില്‍ വച്ച് ഇരുവരും കണ്ടുമുട്ടി. പിന്നീട് ബന്ധുക്കളുമായി ആലോചിച്ച ശേഷം വിവാഹത്തിന് യുവാവ് സമ്മതിക്കയും ഉള്ളന്നൂര്‍ വിളയാടശേരില്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു
എന്നാല്‍ മൂഹുര്‍ത്ത സമയത്ത് അണിഞ്ഞൊരുങ്ങി കല്യാണ മണ്ഡപത്തിലെത്തിയ വധുവിനെ കണ്ട് കല്യാണം കൂടാനെത്തിയവര്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെ രക്ഷപെടാന്‍ ശാലിനി ശ്രമം നടത്തിയെങ്കിലും വിഫലമായി.സമാനരീതിയില്‍ കബളിപ്പിക്കപ്പെട്ട കിടങ്ങന്നൂര്‍ സ്വദേശിയുടെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി എസ് അഭിലാഷ്, മനു എന്നിവരാണ് ശാലിനിയെ തിരിച്ചറിഞ്ഞത്. പത്തിലധികം വിവാഹത്തട്ടിപ്പുകള്‍ നടത്തിയിട്ടുളള ശാലിനിയ്‌ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്.

Top