കൊച്ചി: മറുനാടൻ മലയാളി’ ഓണലൈൻ പത്രത്തിന്റെ അപ്‌ഡേഷൻ നിലച്ചു.ഓണലൈൻ പത്രത്തിന്റെയും ചാനലിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്നും റിപ്പോർട്ട് .ഷാജൻ സ്കറിയ ഇപ്പോഴും മുൻകൂർ ജാമ്യത്തിനായുള്ള ഓട്ടത്തിലാണ്. ഒളിവിലാണ് ഷാജൻ .ഇന്നലെ രാവിലെ 9.38 ന് ” ഷാജൻ സ്‌കറിയയെ കണ്ടെത്താൻ സംസ്ഥാനത്തുടനീളം പരിശോധന; മറുനാടൻ ജീവനക്കാരുടെ വീടുകൾ അരിച്ചു പെറുക്കി റെയ്ഡ്; ചിലയിടത്ത് നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് അടക്കം കൊണ്ടു പോയി പ്രത്യേക ദൗത്യ സംഘം; തിരുവനന്തപുരം മുതൽ കാസർഗോഡു വരെ അർദ്ധരാത്രിയിലും പുലർച്ചെയുമായി നടന്നത് ”ഓപ്പറേഷൻ ഷാജൻ ” എന്ന ഹെഡിങ്ങിൽ കൊടുത്ത വാർത്തക്ക് ശേഷം പുതിയ അപ്‌ഡേഷൻ ഒന്നും ഇല്ല.ഓൺലൈൻ ആണെങ്കിലും ഒരു സ്ഥാപനം മൊത്തമായി അടച്ചു പൂട്ടി സീൽ ചെയ്യുന്നതിൽ ജനകീയ പ്രതിഷേധം ശക്തമാകാൻ സാധ്യയുണ്ട് .
എന്നാൽ ഷാജൻ സക്കറിയായുടെ ഉടമസ്ഥതയിൽ ഉള്ള ബ്രിട്ടീഷ് മലയാളി കൂടുതൽ ശക്തിയോടെ അപ്‌ഡേഷൻ നടത്തുന്നുണ്ട് .യുകെയിൽ ഉള്ളവരാണ് ബ്രിട്ടീഷ് മലയാളി അപ്‌ഡേഷൻ ചെയ്യുന്നത്. ബ്രിട്ടീഷ് മലയാളി ആണ് ഷാജൻ സ്കറിയ തുടങ്ങിയ ആദ്യ ഓൺലൈൻ പത്രം .
ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പൊലീസ് പിടിച്ചെടുത്തു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. മറുനാടൻ മലയാളിയുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഓഫിസിൽ എത്തരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
വ്യാജവാർത്താ കേസിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഷാജൻ സ്കറിയയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ കൊച്ചി ഓഫിസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായാണ് ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.
വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഷാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഷാജന്‍ സ്കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കേസിൽ വാദം കേള്‍ക്കുമ്പോൾ കോടതി വിമർശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുന്നതുവരെ അറസ്റ്റ് തടയണമെന്ന ഷാജന്‍റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് ഷാജൻ ഒളിവിൽപ്പോയത്.
തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്‍റെ പ്രധാന വാദം.