കൊച്ചി : കേരളത്തിലെ യുഡിഎഫ് സംവിധാനം തകർന്നു.ഇനി ഭരണത്തിൽ തിരിച്ചെത്താൻ കഴിയും എന്ന വിശ്വാസം മുന്നണിയിലെ പലർക്കും ഇല്ല. ജോണി നെല്ലൂരിന് പിറകെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജിവച്ചു. മുൻ ഉടുമ്പഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് നൽകി. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജോണി നെല്ലൂരിന് ഒപ്പം ചേർന്നാകും പ്രവർത്തിക്കുകയെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.
പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത പ്രസ്ഥാനത്തിന്റെ കീഴിൽ മുന്നോട്ടുപോകാൻ താല്പര്യപ്പെടുന്നില്ലെന്നാണ് മാത്യു സ്റ്റീഫൻ പറഞ്ഞിട്ടുള്ളത്. ഈ മാസം 22 ന് ഉച്ചക്ക് രണ്ട് മണിക്ക് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും. ജോണി നെല്ലൂരിന് ഒപ്പം ചേർന്ന ആകും പ്രവർത്തിക്കുകയെന്നും മാത്യു സ്റ്റീഫൻ പറഞ്ഞിട്ടുണ്ട്.
ജോണി നെല്ലൂർ കഴിഞ്ഞ ദിവസമാണ് പാർട്ടി വിടുന്നത്. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകിയ കാലത്ത് ഉണ്ടായിരുന്ന സമീപനവും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ഉണ്ടാകുന്നത് നല്ലതാണെന്നും ജോണി നെല്ലൂർ പറഞ്ഞിരുന്നു.
നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ദേശീയ കാഴ്ചപ്പാടുള്ള പുതിയ സെക്കുലർ പാർട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞിരുന്നു. കാർഷിക വിളകൾക്ക് വില ലഭിക്കണം. റബറിനെ കാർഷിക വിളയായി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. നെല്ലിന്റെ സംഭരണ വില വർധിപ്പിക്കണം. കർഷകർക്ക് താങ്ങാകുന്ന പാർട്ടിയുമായാണ് ജോണി നെല്ലൂരും, മാത്യു സ്റ്റീഫനും മുന്നോട്ടു പോകുന്നത്.
കേരള കോൺഗ്രസിലെ കൂടുതൽ നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. കേരള കോൺഗ്രസിൽ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും പുതിയ പാർട്ടിയിൽ ചേരും. ഇതിനിടെ, ഈ മാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി ജോണി നെല്ലൂർ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.