നഗരഭരണം നടത്തിയത് വാട്‌സ്ആപിലൂടെ; സുന്ദരിയായ മേയര്‍ക്ക് കോടതി വിധിച്ചത് 14 വര്‍ഷത്തെ തടവ്  

 

 

 

സാവോപോളോ:  മിക്കവരും ഇപ്പോള്‍ മുഴുവന്‍ സമയവും വാട്‌സാപിലാണ്. ഇതില്ലാത്തൊരു ജീവിതം ഇത്തരക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കൂടി വയ്യാതായിരിക്കുന്നു.  എന്നാല്‍ ഒരു ഭരണാധികാരി ഇത്തരത്തില്‍ വാട്‌സ്ആപില്‍ കൂടി നാടു ഭരിച്ചാലോ? ജനങ്ങളുടെ സ്ഥിതി കഷ്ടം തന്നെ. ബ്രസീലിലെ ബോം ജാര്‍ദിം എന്ന നഗരത്തിലെ മേയര്‍ ലിഡിയാന്‍ ലീറ്റ് നഗരഭരണം നടത്തിയത് വാട്‌സ്ആപിലൂടെ. അധികാരത്തിലെത്തിയ ശേഷം മറ്റൊരു നഗരത്തില്‍ ആഡംബര ജീവിതം നയിക്കുകയും വാട്‌സ്ആപിലൂടെ നഗര ഭരണം നടത്തുകയുമായിരുന്ന ഇവരെ 14 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. വിദ്യാഭ്യാസ ബജറ്റ് വിഹിതത്തില്‍ നിന്ന് ലക്ഷങ്ങള്‍ തിരിമറി നടത്തിയാണ് ലീറ്റ് ആഡംബര ജീവിതം നയിച്ചത്. ബോം ജോര്‍ദിമില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ മരാങ്യോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാവോ ലൂയിസ് നഗരത്തിലിരുന്നായിരുന്നു 27കാരിയായ ഇവര്‍ 2015ല്‍ ഭരണം നടത്തിയത്. പിന്നീട് അഴിമതി വെളിപ്പെട്ടപ്പോള്‍ ഇവര്‍ ഒളിവില്‍ പോയി. 39 ദിവസം നീണ്ട ഈ ഒളിജീവിതത്തിനുശേഷം ഇവര്‍ പിടിക്കപ്പെട്ടു. പിന്നീട് രണ്ടര വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ഇവര്‍ക്ക് 14 വര്‍ഷവും ഒരു മാസവും തടവ് വിധിച്ചത്. ഇത് പൂര്‍ത്തിയാക്കിയ ശേഷം ആറ് വര്‍ഷത്തെ വീട്ടുതടങ്കലും അനുഭവിക്കണം.20 മില്യണ്‍ ഡോളര്‍ ഇവര്‍ വിദ്യാഭ്യാസ ബജറ്റില്‍ നിന്ന് മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു. 2012ല്‍ ഇവരുടെ കാമുകനും മുന്‍ മേയറുമായ ഹുംബര്‍ട്ടോ ഡാന്റാസ് ഡോസ് സാന്റോസിനെ അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് നഗരത്തില്‍ ഭരണത്തിലെത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു.  അവിടെ നിന്നാണ് ഇവരുടെ കാലം ആരംഭിക്കുന്നത്. ബീറ്റോ റോച്ച എന്ന് അറിയപ്പെട്ടിരുന്ന 44കാരന്റെ കാമുകിയായ ലീറ്റ് അടുത്ത മേയറായി നാടകീയമായി തെരഞ്ഞെടുക്കപ്പെട്ടു. റോച്ചയെ ഇവര്‍ തന്റെ മുഖ്യ ഉപദേശകനായി നിയമിക്കുകയും ഭരണം വീണ്ടും റോച്ചയുടെ നിയന്ത്രണത്തിലാകുകയും ചെയ്തു.  വിലകൂടിയ ഷാംപെയിനും മുന്തിയ കാറുകളുമായി ലീറ്റ് സാവോ ലൂയിസില്‍ ആഡംബര ജീവിതത്തിലും.  അതിനിടയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി തുടങ്ങിയ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ നഗരഭരണവും നടത്തി. റോച്ച ഇപ്പോളും ഒളിവിലാണ്. ഇയാള്‍ക്ക് 17 വര്‍ഷത്തെ തടവാണ് കോടതി നല്‍കിയിരിക്കുന്നത്. 2015ല്‍ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും റോച്ച രാജിവെക്കുകയും ചെയ്തതോടെയാണ് വന്‍ അഴിമതിക്കഥ പുറത്തായത്. 40,000 പേര്‍ മാത്രം താമസിക്കുന്ന, ബ്രസീലിലെ ഏറ്റവും ദരിദ്രമായ നഗരങ്ങളിലൊന്നാണ് ബോം ജോര്‍ദിം. ഒരു നേരത്തെ ഭക്ഷണം ലഭിക്കുമെന്നതിനാലാണ് ഇവിടെ ജനങ്ങള്‍ കുട്ടികളെ സ്‌കൂളുകളില്‍ അയക്കുന്നത്.

Top