കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍പ്പെട്ട് റിമാന്‍ഡിലായിരുന്ന എം. സി. കമറുദ്ദീന്‍ എംഎല്‍എ 96 ദിവസത്തിനു ശേഷം ജയില്‍ മോചിതനായി. മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചനം.155 കേസുകളാണ് കമറുദ്ദീന്റെ പേരിലുള്ളത്. ഇതിൽ 148 കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ജയിൽ മോചിതനാകുന്നത്.ജയിൽ നിന്ന് പുറത്ത് വന്ന കമറുദ്ദീൻ എല്ലാവർക്കും നന്ദി പറഞ്ഞു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയായിരുന്നുവെന്നും തന്നെ പൂട്ടുക ആയിരുന്നു ലക്ഷ്യമെന്നും കമറുദ്ദീൻ പറഞ്ഞു. ആ ലക്ഷ്യം അവർ നിറവേറ്റിയെന്നും തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലം മാപ്പ് തരില്ലെന്നും കമറുദ്ദീൻ കൂട്ടിച്ചേർത്തു.
തന്നെ പ്രതിയാക്കിയവർക്ക് കാലം മാപ്പ് നൽകില്ലെന്ന് എം. സി കമറുദ്ദീൻ എം. എൽ എ പറഞ്ഞു. തന്റെ അറസ്റ്റിനു പിന്നില്‍ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. 148 കേസുകളില്‍ ജാമ്യം കിട്ടിയതിനെ തുടർന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കമറുദ്ദീന്‍ മോചിതനായത്. 2020 നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
‘എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. അല്ലാതെ പണം നേടിയെടുക്കുക എന്നതായിരുന്നില്ല. എന്നാല്‍ ഇതിലൊന്നും പരിഭവമില്ല. പക്ഷേ ജനം സത്യം മനസ്സിലാക്കും. ഏകദേശം 42 വര്‍ഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കില്ല, ചരിത്രം മാപ്പു നല്‍കില്ല. അവര്‍ കനത്ത വില നല്‍കേണ്ടി വരും’- എംഎല്‍എ പറഞ്ഞു.
ജാമ്യം ലഭിച്ചെങ്കിലും കേസ് നിലനില്‍ക്കുന്ന പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കുന്നതിന് കമറുദ്ദീന് വിലക്കുണ്ടാകും. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് നേരത്തെ നിരവധി കേസുകളില്‍ കോടതികള്‍ കമറുദ്ദീന് ജാമ്യം അനുവദിച്ചിരുന്നത്. എംഎല്‍എയുടെ വീട് നില്‍ക്കുന്ന സ്‌റ്റേഷനില്‍ കേസുള്ളതിനാല്‍ കമറുദ്ദീന് വീട്ടിൽ എത്താനാകില്ല. എന്നാല്‍, അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ കേസുകള്‍ ഇല്ലാത്തതിനാല്‍ എംഎല്‍എ ഓഫീസിലടക്കം കമറുദ്ദീന് പ്രവേശിക്കുന്നതിൽ തടസമില്ല.
ഫാഷൻ ഗോൾഡ് കമ്പനിക്ക് വേണ്ടി നിക്ഷേപകരിൽനിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവർ നൽകിയ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിൽ ആരോപിതനായ ട്രസ്റ്റ് ചെയർമാൻ കൂടിയായ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടറുമായ ടി.കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കേസടുത്തത്.
800 ഓളം പേർ നിക്ഷേപകരായ ജ്വല്ലറിയുടെ ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭ വിഹിതം നൽകിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്. ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.