സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെയും ഭാര്യയും പ്രമുഖ സാമഹിക പ്രവര്‍ത്തക സുനിത കൃഷ്ണനെതിരെയും കടുത്ത മീടൂ ആരോപണങ്ങളുമായി പുതുമുഖ നടി രംഗത്തെത്തി. ഇവര്‍ ഒരുക്കിയ എന്റെ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ലൈംഗീകമായ അധിക്ഷേപം ഏറ്റു എന്നാണ് നടി രേവതി സമ്പത്ത് വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് രേവതി വെളിപ്പെടുത്തല്‍ നടത്തിയത്.
കുട്ടികളെ സെക്‌സ് വര്‍ക്കില്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ എടുത്ത് ചിത്രമാണ് എന്റെ. ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ് സുനിത കൃഷ്ണന്‍. ഇവര്‍ക്കെതിരെ ഉണ്ടായ ലൈംഗീക ആരോപണം ഞെട്ടിച്ചിരിക്കുകയാണ്. ലൈംഗീക നിറം ചേര്‍ത്ത കമന്റുകള്‍ പറഞ്ഞ് നടക്കുകയായിരുന്നു രാജേഷെന്ന് രേവതി സമ്പത്ത് വെളിപ്പെടുത്തി
രേവതി പറഞ്ഞത്:
എല്ലാവര്‍ക്കും എന്റെ മുഖം പരിചിതമായിരിക്കില്ല. ഞാന്‍ ഇയ്യിടെയാണ് എന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയത്. തെലുങ്കിലും ഒറിയയിലുമായി ചെയ്ത ഒരു ബഹുഭാഷാ ചിത്രമാണ്. രാജേഷ് ടച്ച്‌റിവറാണ് സംവിധായകന്‍. മീടൂ വിന്റെ ഭാഗമായി സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെക്കുറിച്ച് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കുറച്ചുകൂടി കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഭുവനേശ്വറില്‍ നടന്ന ശരിയായ ഓഡിഷന്‍ വഴിയാണ് ഞാന്‍ ഈ സിനിമയിലെത്തുന്നത്. അന്ന് സംവിധായകന്‍ രാജേഷ് ടച്ച്‌റിവറില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നു എനിക്ക്. ഇതില്‍ ഓരോന്നിനെയും കുറിച്ച് വിശദമായി സംസാരിക്കാനാണ് ഞാന്‍ വന്നത്.
ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ അയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനെതിരേ ഞാന്‍ പ്രതികരിച്ചു. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ ചേദിച്ചു. ആ പ്രതികരണമാണ് എന്നെ അഹങ്കാരിയാക്കിയത്. അല്ലെങ്കില്‍ അവിടെ നിന്ന് മുഴുവനായി മാറ്റിനിര്‍ത്തപ്പെട്ടത്. അതിന്റെ ലോജിക്ക് എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല. ശരിക്കും കഷ്ടം തോന്നിയ നിമിഷമായിരുന്നു അത്. ഇയാള്‍ ഒരു ഉള്ളുപ്പുമില്ലാതെ ലൈംഗികച്ചുവയുള്ള കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ടിവരുന്നത് പുച്ഛം തോന്നുന്ന ഒരു അവസ്ഥയായിരുന്നു. അതിനെതിരേ പ്രതികരിക്കുക എന്നത് എന്റെ അവകാശമാണ്. അങ്ങനെ ചെയ്യുമ്പോള്‍ എങ്ങനെയാണ് അഹങ്കാരിയാകുന്നത്.
ഞാന്‍ ഒത്തിരി ലിംഗവിവേചനം നേരിട്ട സെറ്റായിരുന്നു അത്. ഒരു തുടക്കക്കാരി എന്ന നിലയ്ക്കും ഒരു സ്ത്രീ എന്ന നിലയ്ക്കും നമ്മുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നത് എവിടുത്തെ ന്യായമാണെന്ന് എനിക്ക് മനസിലാവുന്നില്ല. എന്റെ അവസ്ഥ മനസിലാക്കിയ മൂന്നോ നാലോ പേര്‍ മാത്രമാണ് ആ സെറ്റിലുണ്ടായിരുന്നത്. രേവതി. നീയൊരു തുടക്കകാരിയാണ്. നീ സംസാരിക്കേണ്ട, നിനക്ക് അതിനുള്ള അധികാരമില്ല എന്ന് എല്ലാവരും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. രണ്ട് സംവിധായകരും ഛായാഗ്രാഹകനും അടക്കം സെറ്റിലെ ഭൂരിഭാഗം പേരും ഇങ്ങനെ ഒരു നിയമം മുന്നോട്ടുവച്ചത് എന്തിനാണെന്ന് മനസ്സിലായില്ല. എന്താണ് ഒരു പുതുമുഖമായാല്‍ പരിചയസമ്പന്നരായാലും നമ്മള്‍ ചെയ്യുന്നത് ഒരോപോലൂള്ള ജോലിയാണ്.
എല്ലാവരും അഭിനയിക്കുകയാണ്. പുതുമുഖങ്ങല്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ല എന്നും പറയുന്നതിന്റെ ന്യായം എനിക്ക് പിടികിട്ടുന്നില്ലയ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറില്‍ നിന്ന് ഞാന്‍ നേരിട്ട ഒരു പ്രശ്‌നമാണിത്. ഇതിനെതിരെ ഞാന്‍ ഒത്തിരി പ്രതികരിച്ചിരുന്നു. ഒത്തിരി പൊരുതി. അതാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നമായത്. എന്നെ സംബന്ധിച്ചിടത്തോളം പ്രതികരിക്കുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്.
പുതുമുഖങ്ങള്‍ എന്ന് ഊന്നിപ്പറയുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അടിമകളാണോ എന്നൊരു സംശയമുണ്ട്. നമ്മള്‍ അവകാശങ്ങള്‍ പറയുന്നത് കൊണ്ടു സെറ്റില്‍ എന്താണ് പ്രശ്‌നമുണ്ടാകുന്നത്. വേറെയുമുണ്ടായിരുന്നു പ്രശ്‌നങ്ങള്‍. രാത്രി പന്ത്രണ്ട് മണിയോ ഒരു മണിയോ രണ്ടു മണിയോ ആവട്ടെ, എനിക്ക് സംവിധായകന്‍ രാജോഷ് ടച്ച്‌റിവറില്‍ നിന്ന് ഫോണില്‍ നിരന്തരം മിസ്ഡ് കോളുകളും മെസ്സേജുകളും വരുമായിരുന്നു. നൃത്തം ചെയ്യാന്‍ തയ്യാര്‍ എന്നൊരു സന്ദേശം തുടര്‍ച്ചയായി രണ്ട് ദിവസം എനിക്ക് ലഭിച്ചു. ഇത് പ്രൊഷണലിസമല്ല. ഇതിനെ ഞാന്‍ എതിര്‍ത്തു. എന്താണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് ഒരു പിടിയുമില്ല. ഇത്രയും മോശമായ പെരുമാറ്റം പരസ്യമായി പുറത്തുപറയേണ്ട സമയാമാണിത്. ഇക്കാര്യത്തില്‍ എനിക്ക് ഒന്നിനെയും ആരെയും ഭയമില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കഴിവ് എന്താണെന്ന് എനിക്കറിയാം. എന്നും ഞാന്‍ പ്രതികരിക്കും.
ഈ അപമാനങ്ങള്‍ക്കെതിരെ പ്രതികരിച്ചതോടെ എനിക്കെതിരെ ബ്ലാക്ക് മെയിലിങ് ആരംഭിച്ചു. തുടക്കക്കാരിയായി നിങ്ങള്‍ പ്രതികരിച്ചതുകൊണ്ട് നിനക്ക് മറ്റൊരു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്നെ പ്രൊമോട്ട് ചെയ്യില്ല എന്നൊക്കെയാണ് സംവിധായകന്‍ രാജേഷ് ടച്ച്‌റിവറും സഹനിര്‍മാതാവ് സുനിത കൃഷ്ണനും പറഞ്ഞത്. എന്നാല്‍ എന്താണ് എന്റെ പ്രശ്‌നം എന്നു കേള്‍ക്കാന്‍ അവിടെ ഒരാള്‍ പോലുമുണ്ടായില്ല. സഹായത്തിനായി ഞാന്‍ പലരെയും സമീപിച്ചു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതുമുതല്‍ ഞാന്‍ ആളുകളെ ഇക്കാര്യത്തില്‍ അറിയിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. സെറ്റില്‍ അധികാരപ്പെട്ട ഒരാള്‍ പോലും എന്താണ് എനിക്ക് പറയാനുള്ളത് എന്ന് ആരാഞ്ഞില്ല. ഒരു മദ്യസത്കാരത്തിനിടെ പലരും മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന ഒരു വേദി മാത്രമാണ് അവര്‍ എനിക്ക് എന്റെ കാര്യം വിശദീകരിക്കാന്‍ ഒരുക്കിത്തന്നത്. അതില്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എന്നെ ബ്ലാക്ക് മെയില്‍ ചെയ്ത നിരവധി പേരുണ്ടായിരുന്നു.
ഇനി ജോലി ചെയ്യാന്‍ കഴിയില്ല എന്നൊക്കെ എന്റെ ഭാവി പ്രവചിച്ച ആളുകളും അവിടെ ഉണ്ടായിരുന്നു. രാജേഷ് ടച്ച്‌റിവര്‍, സുനിത കൃഷ്ണന്‍, നടന്‍ ഷിജു തുടങ്ങിയവരെല്ലം നിരന്തരമായി ഇക്കാര്യങ്ങള്‍ പറഞ്ഞ് എന്നെ മാനസികമായി തളര്‍ത്താന്‍ നോക്കുകയായിരുന്നു. പ്രതികരിച്ചത് ഒരു വലിയ തെറ്റായിപ്പോയി എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് അങ്ങനെ തോന്നിയില്ല. പ്രതികരിച്ചത് കൊണ്ടും നല്ലതാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.