കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തെത്തുടര്‍ന്ന് സംഘപരിവാര്‍ ബിജെപി സംഘടനകള്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. ഹര്‍ത്താലിന്റെ ഭാഗമായി നടന്ന പ്രകടനവും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു.
ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി നടത്താനിരുന്ന പൊതുയോഗവും മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. തലസ്ഥാനത്ത് നടന്ന പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ബിജെപി- ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
കോട്ടയത്ത് ശശികല നടത്താനിരുന്ന വാര്‍ത്ത സമ്മേളനത്തിന് പ്രസ്സ് ക്ലബ് വിട്ടുകൊടുക്കാതെയും മാധ്യമങ്ങള്‍ പ്രതിഷേധം തീര്‍ത്തു. കോഴിക്കോട് കെ. സുരേന്ദ്രന്റെ വാര്‍ത്ത സമ്മേളനവും ബഹിഷ്‌കരിച്ചെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പ്രതിഷേധമാണ് ബിജെപി ആര്‍എസ്എസ് അക്രമികള്‍ നേരിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നീ ചാനലുകളിലെ ക്യാമറമാന്‍മാരെയാണ് അക്രമിച്ചത്. പാലക്കാട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനേമേറ്റു.