തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണം. സെക്രട്ടറിയേറ്റിലും പൊതു സ്ഥലങ്ങളിലും മന്ത്രിമാരുടെ പ്രതികരണങ്ങള്‍ തേടുന്നതിന് ഇനി മുന്‍കൂട്ടി അനുമതി വാങ്ങണം. ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസാണ് വിവാദം ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പൊതുസ്ഥലത്ത് വച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ എടുക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നവെന്നാണ് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ക്ക് പി.ആര്‍.ഡി വഴി അനുമതി വാങ്ങണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തിനും പി.ആര്‍.ഡിക്കൊപ്പം വിവരങ്ങള്‍ നല്‍കാം.
പി.ആര്‍.ചേമ്പറിലെ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഒ.ബി വാനുകളുടെയും വിവരങ്ങള്‍ മുന്‍ കൂട്ടി പിആര്‍ഡിയെ അറിയിക്കണം.
പൊതുപരിപാടികള്‍ക്കിടയിലും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ മന്ത്രിമാരുടെ പ്രതികരണമെടുക്കുന്നത് സഞ്ചാര സ്വാതന്ത്യത്തെ തടയലാണെന്ന വാദവും ഉത്തരവില്‍ ഉന്നയിക്കുന്നു. ഈ സ്ഥലങ്ങളില്‍ പി.ആര്‍.ഡി ഒരുക്കുന്ന സംവിധാനങ്ങള്‍ വഴി മാത്രമാകണം പ്രതികരണം നല്‍കേണ്ടത്.
അതേസമയം മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും ചില ക്രമീകരണം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം.