മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കൂടുതല്‍ ഹരജികള്‍.
ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മീഡിയാവണ്‍ മാനേജ്‌മെന്റിന് പുറമേ ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ എന്നിവര്‍കൂടി ഹരജി സമര്‍പ്പിച്ചു. ചാനലിനെ വിലക്കിയതിന്റെ കാരണമെന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ചാനല്‍ ഉടമകളോ, ജീവനക്കാരോ ഒരു ഘട്ടത്തിലും രാജ്യസുരക്ഷക്ക് എതിരായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. മറുപടിക്ക് പോലും അവസരം നല്‍കാതെ ചാനലിന്റെ സംപ്രേഷണം വിലക്കിയത് 320 ഓളം ജീവനക്കാരുടെ തൊഴിലിനെയാണ് ബാധിക്കുന്നത്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഹരജിയില്‍ വ്യക്തമാക്കുന്നു.
ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മീഡിയാവണ്ണിന്റെ സംപ്രേഷണ അനുമതി കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കാതിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മീഡിയാവണ്‍ മാനേജ്‌മെന്റ് അടക്കമുള്ളവര്‍ സുപ്രീം കോടതിയിലെത്തിയത്.