ആര്‍പ്പോ ആര്‍ത്തവം പരിപാടിയെയും പരിപാടിക്കായി സംഘാടകര്‍ നിര്‍മ്മിച്ച കവാടത്തെയും പരിഹസിച്ച വനിതാ ലീഗ് നേതാവ് ഷാഹിന നിയാസിയെ പൊളിച്ചടുക്കി ഡോ. വീണ ജെ.എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആര്‍ത്തവം ശുദ്ധമെങ്കില്‍, ആര്‍ത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കള്‍ക്ക് അത്യാവശ്യം വരുമ്പോള്‍ കുത്തിവെക്കാം എന്ന് പറഞ്ഞാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ ഷാഹിന പരിഹസിച്ചത്. എന്നാല്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ത്തവ ബ്ലഡ്ബാങ്കിന്റെ പ്രവര്‍ത്തനം വിശദീകരിച്ചാണ് ഡോ. വീണ പരിഹാസത്തെ പൊളിച്ചടുക്കിയത്.
ഡോ. വീണയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
വനിതാ ലീഗ് നേതാവായ ഷാഹിന നിയാസി അറിയാന്‍,
പാല്‍ സൊസൈറ്റിക്കാര്‍ വീടുകളില്‍ നിന്ന് പാല്‍ ശേഖരിക്കുമ്പോലെയല്ല ആര്‍ത്തവരക്തം ശേഖരിക്കേണ്ടത്. ബോഡി ഓട്ടോണമി അഥവാ സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്കുമുണ്ട്. വിവാഹിതയായാലും ഇല്ലേലും പെണ്‍ശരീരത്തിനുമേല്‍ ആണിനാണ് അധികാരമെന്നു വിശ്വസിക്കുന്ന സ്ത്രീവിരുദ്ധ-ആണ്‍മേധാവിത്തമനസ്സുള്ള ആളുകള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ലെങ്കിലും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം.
ആര്‍ത്തവരക്തബാങ്ക് എന്നത് താങ്കള്‍ മെനഞ്ഞെടുക്കുന്നതിന് എത്രയോമുന്നേ തന്നെ അത് അമേരിക്കയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. Stem cell തെറാപ്പിക്ക് ആര്‍ത്തവരക്തത്തിലെ കോശങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അല്‍ഷിമേഴ്‌സ് അസുഖത്തിനും പക്ഷാഘാതത്തിനും ഈ stem cell തെറാപ്പി ഉപയോഗപ്പെടുത്താം. അതിനുവേണ്ടി ആര്‍ത്തവരക്തബാങ്കുകള്‍ ഗവേഷണം തുടങ്ങിയിട്ടും ഉണ്ട്.
പക്ഷെ പാല്‍ക്കാരന്‍ വന്നു പാല്‍ വാങ്ങുംപോലെ നടക്കില്ല. പശുവിന്റെ അകിടില്‍ പോയി പാല്‍ എടുക്കും പോലെ ആര്‍ത്തവരക്തം സ്ത്രീശരീരത്തില്‍നിന്നുമെടുക്കാന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ലാ. രക്തം ദാനം ചെയ്യുന്ന സ്ത്രീയുടെ പരമാധികാരം ആണത്. ഗവേഷണങ്ങള്‍ക്കുവേണ്ടിയോ ചികിത്സക്ക് വേണ്ടിയോ ഉപയോഗിക്കാന്‍ സ്വന്തം ശരീരത്തിലെ രക്തം കൊടുക്കണോ വേണ്ടയോ എന്ന് അവര്‍ സ്വയം തീരുമാനിക്കുകയും written consent എഴുതി അറിയിക്കുകയും മെന്‍സ്ട്രുവള്‍ കപ്പില്‍ രക്തം ശേഖരിച്ചു സീല്‍ ചെയ്തു, കേടാകാതിരിക്കാന്‍ ഐസ് ബോക്സില്‍ വെച്ച് ആര്‍ത്തവബാങ്കില്‍ എത്തിക്കുകയും ചെയ്യും. അതായത് പാല്‍സൊസൈറ്റിപ്പരിപാടി അല്ലാന്ന് 🙂
ഈ രക്തം എകെജി സെന്ററില്‍ വെക്കാന്‍ പറ്റില്ലെന്നും, അവിടെയെത്തുന്ന എല്ലാം സ്വീകരിക്കേണ്ടതല്ലെന്നും, ചിലത് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അണികള്‍ക്ക് നന്നായിട്ടറിയാം. ഷാഹിനാ, ഇനി അഥവാ നിങ്ങളുടെ ചിന്തകളോട് ഐക്യദാര്‍ഢ്യപ്പെടുന്നവര്‍ പെണ്‍ശരീരത്തില്‍നിന്നും ആര്‍ത്തവരക്തം ശേഖരിച്ചു എകെജി സെന്ററില്‍ എത്തിച്ചാല്‍ നിയമം അവരെ കൈവെക്കും. എന്ത് എവിടെ എങ്ങനെ എത്തിക്കണം എന്ന മാര്‍ഗ്ഗരേഖയോ ചെയിന്‍ ഓഫ് കസ്റ്റഡിയോ തെറ്റിക്കുന്ന ഗവേഷണകുതുകികളെ നന്നായി ഡീല്‍ ചെയ്യുന്ന നിയമങ്ങള്‍ നിലവില്‍ ഉണ്ട്ട്ടാ.
പിന്നെ, ആര്‍ത്തവധേരാവകത്തിന്റെ മുപ്പത്തഞ്ചു ശതമാനം മാത്രമേ രക്തമുള്ളു. അത് പ്രോസസ്സ് ചെയ്തു രക്തദാനത്തിന് തയ്യാറാക്കാന്‍ വലിയ ബുദ്ധിമുട്ടും ചെലവും ആകും. അതാണ് രക്തദാനത്തിന് നിലവില്‍ ആര്‍ത്തവരക്തം എടുക്കാത്തതിനുള്ള ഒരു കാരണം. പിന്നെ ഇതൊന്നുമല്ലേലും ചാവാന്‍ കിടക്കുന്നത് നാമജപം ടീംസ് ആണെങ്കില്‍ ‘അശുദ്ധി’ പ്രഖ്യാപിച്ചു, ആര്‍ത്തവരക്തം സ്വീകരിക്കാതെ അല്ലെങ്കില്‍ കൊടുക്കാതെ പരലോകത്തേക്ക് പോകാന്‍/അയക്കാന്‍ ആവും തീരുമാനം. ആര്‍ത്തവം അശുദ്ധമല്ലെന്ന് എത്രനാള്‍ ഉരുവിടണം ആവോ
പിന്നെ, സ്ത്രീകളുടെ മാനം. അത് അശ്ലീലമല്ലല്ലോ. ‘നിങ്ങളുടെ’ എഴുത്ത് വെച്ച് അതിനെപ്പറ്റി ‘നിങ്ങളോട്’ തര്‍ക്കിക്കാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല. ക്ഷമിക്കുമല്ലോ അല്ലേ ??
വനിതാസഖാക്കളുടെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ് അവരുടെ ശരീരം എന്ന് മാത്രം പറഞ്ഞിരുന്നെങ്കില്‍ അതിനൊരു മാനം ഉണ്ടാകുമായിരുന്നു. അവരാണ് അവരുടെ ശരീരത്തിന്റെ അധികാരികള്‍.
നാവും കയ്യും നഖങ്ങളും നന്നായി വിറക്കുന്നതുകൊണ്ട് അക്ഷരങ്ങള്‍ വല്ലാതങ്ങ് മാറിപ്പോകുന്നതിനാല്‍ നിങ്ങള്‍ക്കനുയോജ്യമായ ഭാഷ മാത്രമേ മോണിറ്ററില്‍ എന്റെ കണ്ണുകള്‍ക്ക് തെളിയുന്നുള്ളു എന്നതിനാല്‍ ഞാന്‍ ഇപ്പൊ നിര്‍ത്തുന്നു. സ്ത്രീകള്‍ക്ക് പൊതുവേദികള്‍ തരാതിരിക്കാനുള്ള കാരണം മറച്ചുവെക്കാന്‍ ഒരുപാട് കണ്ടങ്ങള്‍ വനിതകള്‍ക്ക് വേണ്ടി നിരത്തിവെച്ചിരിക്കുന്ന കൂട്ടം നിങ്ങള്‍ക്ക് പരിചയമുണ്ടായിരിക്കുമല്ലോ? അതുകൊണ്ട് ഞാനായിട്ട് നിങ്ങള്‍ക്ക് കണ്ടങ്ങള്‍ കാണിച്ച് തരാന്‍ ഉദ്ദേശിക്കുന്നില്ല.