ദിലീപിന്റെ രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ട്, എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും നല്ല സിനിമ വിജയിക്കുമെന്ന് ഖുഷ്ബു

ചെന്നൈ: ചലച്ചിത്ര മേഖലയില്‍ മീടൂ ആരോപണങ്ങളിലൂടെ നടന്മാര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരികയാണ്. വെളിപ്പെടുത്തലുകള്‍ വരുമ്പോളും ആരോപിതര്‍ സിനിമകളില്‍ സജീവമാണ്. വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ ഇപ്പോഴും സിനിമകളില്‍ തുടരുന്നുണ്ട്. ചില നടന്മാരും സംവിധായകരും മാത്രമാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ വിവാദമാവുകയാണ് നടി ഖുഷ്ബുവിന്റെ വെളിപ്പെടുത്തല്‍.

സിനിമ നല്ലതാണെങ്കില്‍ ഓടുമെന്നും സിനിമയെ കുറ്റാരോപണങ്ങളുമായി കൂട്ടി കൂഴയ്ക്കരുതെന്നും ഖുഷ്ബു പറയുന്നു. മീടു ആരോപിതനായ ഹോളിവുഡ് താരം കെവിന്‍ സ്പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാല്‍ അത് സിനിമ മോശമായതിനാലാണ്. രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ടാണ്. മീടു കാരണമാണ് വിജയിച്ചത് എന്ന് പറയാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് തുറന്നു പറയാനുള്ള വേദി നല്‍കുന്ന പോലെ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനും അവസരം നല്‍കണം. കുറ്റം തെളിയിക്കപ്പെടുന്നതു വരെ ആരോപിതന്‍ മാത്രമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗായിക ചിന്മയി വൈരമുത്തുവിനെതിരെ ഉന്നയിച്ച ആരോപണങ്ങളോട് ഖുശ്ബു എടുത്ത നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Top