കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യക്ക് വെളളിത്തിളക്കം സമ്മാനിച്ച മുരളി ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സാങ്കേതിക പിഴവ് കൊണ്ട് സ്വർണം നഷ്ടമായെങ്കിലും ശ്രീശങ്കറിന്‍റെ നേട്ടം സ്വർണസമാനമെന്ന് മന്ത്രി പ്രതികരിച്ചു.
പാലക്കാട് യാക്കരയിലെ വസതിയിലെത്തിയ മന്ത്രി രക്ഷിതാക്കളും മുൻകായിക താരങ്ങളുമായ മുരളിയും ബിജിമോളും ശ്രീശങ്കറിന് നൽകുന്ന അകമഴിഞ്ഞ പിന്തുണയേയും പ്രോത്സാഹനത്തേയും പ്രശംസിച്ചു. ഇന്ത്യൻ കായികരംഗത്ത് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ വലിയ സ്വപ്നങ്ങളിലേക്ക് യുവാക്കളെ കൈപിടിച്ച് എത്തിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
യുവജനങ്ങൾക്ക് സ്റ്റാർട്ടപ്പ്, സ്പോർട്സ് മേഖലയിൽ വലിയ വാതിലുകൾ തുറന്നിടുന്നതാണ് കേന്ദ്രപദ്ധതികളെന്ന് വി.മുരളീധരൻ പറഞ്ഞു. ശ്രീശങ്കറിന്‍റെ കുടുംബവുമായുള്ള വ്യക്തിപരമായ അടുപ്പവും പങ്കുവച്ച മന്ത്രി താരത്തിന് വലിയ നേട്ടങ്ങൾ സംഭാവന ചെയ്യാനാകട്ടെയെന്നും ആശംസിച്ചു. മെഡലുകൾ നേടിയ താരങ്ങളെ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ അനുമോദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ശ്രീശങ്കറിന് ഭാവി ലക്ഷ്യങ്ങളിലേക്കുള്ള പിന്തുണ ഉറപ്പാക്കുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. മന്ത്രിയുടെ സന്ദർശനം പ്രചോദനമെന്നും എല്ലാ വലിയ പോരാട്ടങ്ങളിലേക്ക് ഇറങ്ങുമ്പോഴും പ്രോത്സാഹനവും പിന്തുണയുമായി മന്ത്രി ഉണ്ടാകാറുണ്ടെന്നും മുരളീ ശ്രീശങ്കറിന്‍റെ കുടുംബം പ്രതികരിച്ചു. 8.08 മീറ്റര്‍ ചാടിയായിരുന്നു ബർമിംഗ്ഹാമിൽ മുരളി ശ്രീശങ്കറിന്‍റെ ചരിത്രനേട്ടം.