40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആള്‍ തിരിച്ചെത്തി; തിരിച്ചുവരവിന് സഹായിച്ചത് യൂട്യൂബ്

ഇംഫാല്‍: 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ തിരിച്ചുകിട്ടി. മണിപ്പൂര്‍ സ്വദേശി 66കാരനായ ഖോംദ്രാം ഗംഭീര്‍ സിംഗ് ആണ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയത്. മുംബൈയില്‍ വെച്ച് ഇദ്ദേഹം ഒരു ഹിന്ദി പാട്ട് പാടിയത് യൂട്യൂബിലൂടെ വൈറലായിരുന്നു. ഇത് കണ്ടാണ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇംഫാലിലെ കുംഭോംഗ് ഗ്രാമത്തിലുള്ളവര്‍ ഗംഭീറിന് വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്. ‘വീട്ടിലേക്ക് സ്വാഗതം ഗംഭീര്‍’ എന്നെഴുതിയ ബാനറുകളുമായാണ് ആളുകളെത്തിയത്. സോഷ്യല്‍മീഡിയയ്ക്ക് നന്ദിയും അറിയിച്ചു. ഗംഭീര്‍ പാടുന്ന വീഡിയോ എടുത്ത ഫിറോസ് എന്നയാളോടും ഗംഭീറിന്റെ വീട്ടുകാര്‍ നന്ദി അറിയിച്ചു. ഗംഭീറിനെ സ്വീകരിക്കാനായി ലോക്‌സഭ എംപി ഡോ.ടിഎച്ച് മെയ്‌ന, എംഎല്‍എ കോന്തൗജംഗ്, ഡോ.സാപംഗ് രഞ്ജന്‍ സിംഗ് എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. 1978ല്‍ 26ാമത്തെ വയസിലാണ് ഗംഭീര്‍ വീടുവിട്ടു പോയത്. 40 വര്‍ഷത്തോളം ഗംഭീറിനെ കുറിച്ച് വീട്ടുകാര്‍ക്ക് ഒരു അറിവും ഇല്ലായിരുന്നു. അടുത്തിടെ ഗംഭീര്‍ പാട്ടുപാടുന്ന വീഡിയോ സഹോദരീപുത്രന്‍ കണ്ടതോടെയാണ് തിരിച്ചുവരവിന് വഴിവെച്ചത്. മുംബൈ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഫിറോസ് ഷാകിര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. പിന്നീട് അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോയില്‍ ഗംഭീര്‍ തന്റെ പേരും സ്ഥലവും പറയുന്നുണ്ട്. ഇതാണ് സഹോദരീപുത്രന്‍ ശ്രദ്ധിക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് മുംബൈ പൊലീസിനെ അറിയിക്കുകയായിരുന്നു.

Top