ഗ്രീക്ക് : 40 വര്‍ഷം മുമ്പ് യുദ്ധത്തിനിടെ കാണാതായ യുവാവിനെ കണ്ടെത്താന്‍ സഹായിച്ചത് അത്തിമരം.നാല്‍പ്പത് വര്‍ഷം മുമ്പ് കാണാതായ മനുഷ്യന്റെ ഭൗതീകാവശിഷ്ടം കണ്ടെത്താന്‍ സഹായിച്ചത് വയറ്റിനുള്ളില്‍ നിന്നും കിളിര്‍ത്ത് കയറിയ അത്തിമരം. 1974 ല്‍ നടന്ന ഗ്രീക്ക് – ടര്‍ക്കിഷ് സൈപ്രിയറ്റുകളുടെ യുദ്ധത്തിനിടെ കൊല്ലപ്പെട്ട അഹമ്മദ് ഹെര്‍ഗുണേയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അത്തിപ്പഴത്തിന്റെ കുരു വയറ്റില്‍ കിടന്നുതന്നെ കിളിര്‍ക്കുകയും വന്‍ മരമായി വളരുകയും ചെയ്തു. 44 വര്‍ഷത്തോളം നടന്ന തെരച്ചിലിന് ഒടുവില്‍ വിരാമമായത് അസാധാരണമായ ഒരു പ്രദേശത്ത് അസാധാരണമായി വളര്‍ന്ന മരം നല്‍കിയ കൗതുകമായിരുന്നു
യുദ്ധത്തിനിടയില്‍ ഇയാളും മറ്റു രണ്ടു കൂട്ടാളികളും ഒളിക്കാനായി ഗുഹയില്‍ കയറിയപ്പോള്‍ ശത്രുക്കള്‍ ഗുഹയ്ക്കകത്തേക്ക് ഡൈനാമിറ്റ് എറിഞ്ഞു. ഇത് ഉരുണ്ട് ഒരു വിടവില്‍ ചെന്നുവീണ ശേഷമായിരുന്നു സ്‌ഫോടനമുണ്ടായത്. പിന്നീട് വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ഈ വിടവിലേക്ക് വെള്ളം കയറുകയും അഹമ്മദിന്റെ വയറ്റില്‍ എത്തിയ അത്തിക്കുരു കിളിര്‍ത്ത് പിന്നീട് മരമായി വളരുകയുമായിരുന്നു. യുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് സ്ഥാനഭ്രംശം സംഭവിച്ചത്. ശേഷം അഹമ്മദിന്റെ മൃതദേഹത്തിനായി ഏറെ തെരച്ചിലുകളും വീട്ടുകാര്‍ നടത്തി.
അഹമ്മദിന്റെ ഗ്രാമത്തില്‍ ഗ്രീക്കുകളും തുര്‍ക്കികളുമായി 4000 പേരാണ് ജീവിച്ചിരുന്നത്. കലാപം തുടങ്ങിയപ്പോള്‍ അഹമ്മദ് സഹോദരനൊപ്പം തുര്‍ക്കി പ്രതിരോധ സംഘടനയുടെ ഭാഗമാകുകയായിരുന്നു. എന്നാല്‍ ജൂണ്‍ 10 ന് ഇയാളെ ഗ്രീക്കുകാര്‍ പിടിച്ചുകൊണ്ടുപോയി. വര്‍ഷങ്ങളോളം ഇയാളുടെ ശേഷിപ്പുകള്‍ക്കായി വീട്ടുകാര്‍ തെരഞ്ഞെങ്കിലും അത്തിമരം കണ്ടെത്തും വരെ ഒന്നും നടന്നിരുന്നില്ല.
2011 ല്‍ ഏതാനും ഗവേഷകരാണ് മരം കണ്ടെത്തിയത്.
ഇതുപോലെയുള്ള ഒരു മലമ്പ്രദേശത്ത് ഗുഹാമുഖത്ത് എങ്ങിനെയാണ് സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായി അത്തിമരം ഉണ്ടായതെന്ന ജിജ്ഞാസ ഇവര്‍ക്കുണ്ടായി. തുടര്‍ന്ന് മരത്തിന് ചുറ്റും കുഴിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നും കിട്ടിയത് ഒരു മൃതദേഹത്തിന്റെ അവശിഷ്ടമായിരുന്നു. കൂടുതല്‍ കുഴിച്ചപ്പോള്‍ മറ്റു രണ്ടു മൃതദേഹങ്ങള്‍ കൂടി കിട്ടി. സഹോദരങ്ങളുമായി നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം അഹമ്മദിന്റേതാണെന്ന് കണ്ടെത്തിയത്. മരിക്കും മുമ്പ് അഹമ്മദ് അത്തിപ്പഴം തിന്നിരിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്തായാലും സഹോദരന്റെ ഭൗതീക ശരീരം കണ്ടെത്താന്‍ കഴിഞ്ഞതില്‍ മരത്തിന് നന്ദി പറയുകയാണ് വീട്ടുകാര്‍