തൃശൂര്‍: ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ ഹനീഫയുടെ വീട്ടുകാര്‍ രംഗത്ത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും തെരുവുകളിലും പ്രചരിപ്പിച്ച് പ്രചാരണം നടത്തുന്നതിനെതിരെയാണ് ഹനീഫയുടെ വീട്ടുകാര്‍ സിപിഎം നേതാക്കളോട് പരാതി പറഞ്ഞത്.
ഹനീഫയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കാളിയാകാന്‍ പിണറായി വിജയന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം എത്തിയിരുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനെത്തിയ കോടിയേരിയോട് പരാതികളാണ് ഹനീഫയുടെ അമ്മ നിരത്തിയത്. ഹനീഫയുടെ ഭാര്യ രേഖാമൂലം പരാതിയും നല്‍കി.
കൊല്ലപ്പെട്ട ഹനീഫയുടെ പിഞ്ചുമക്കളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് ഡിവൈഎഫ്‌ഐ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മക്കളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്നാവശ്യപ്പെട്ടും ഹനീഫയുടെ ഭാര്യ ഷഫ്‌ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രേഖാമൂലം പരാതി നല്‍കി. വീട്ടില്‍ കോടിയേരിയെത്തിയപ്പോഴാണ് ഹനീഫയുടെ ഭാര്യ പരാതി നല്‍കിയത്.
പൊതുനിരത്തില്‍ തന്റെ പെണ്‍മക്കളുടെ ഫോട്ടോ വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത് മതാചാരത്തിന് നിരക്കാത്തതും അവരുടെ ഭാവിയെ ബാധിക്കുന്നതുമാണ്. ഇതില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും അങ്ങേയറ്റത്തെ പ്രതിഷേധമുണ്ടെന്ന് അവര്‍ വിശദീകരിച്ചു.
മരിച്ച് കിടക്കുന്ന തന്റെ ഭര്‍ത്താവിന്റെ ഫോട്ടോയും പെണ്‍മക്കളുടെ ഫോട്ടോയും വഴിനീളെ പ്രദര്‍ശിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ശ്രമിക്കുന്നത് തടയാന്‍ നടപടിയുണ്ടാകണമെന്നും ഷഫ്‌നയുടെ പരാതിയില്‍ പറയുന്നു. ഹനീഫയുടെ മക്കളായ ഹസ്‌ന (ഒന്‍പത്), ഹന്ന (ഏഴ്), ഹയ്യ (അഞ്ച്), മൂന്ന് മാസം പ്രായമായ ഫാമിയ എന്നീ നാല് പെണ്‍മക്കളുടെ ഫോട്ടോയാണ് ഡിവൈഎഫ്‌ഐ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ചത്.
ഹനീഫയുടെ അമ്മയും ഇതേ പരാതി കോടിയേരിക്ക് മുന്നില്‍ ആവര്‍ത്തിച്ചു. പ്രശ്‌ന പരിഹാരം ഉറപ്പു നല്‍കിയാണ് സിപിഐ(എം) സെക്രട്ടറി മടങ്ങിയത്. ആരുടേയും വികാരങ്ങള്‍ വൃണപ്പെടുത്താതെ പ്രശ്‌നം സമൂഹത്തില്‍ ചര്‍ച്ചയാക്കാനും നിര്‍ദ്ദേശിച്ചു.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന കോണ്‍ഗ്രസിന് തിരിച്ചടി കൊടുക്കാനാണ് ഹനീഫാ വധത്തില്‍ വലിയ പ്രചാരണത്തിന് സിപിഐ(എം) തയ്യാറെടുത്തത്. പിണറായിയും കോടിയേരിയുമെല്ലാം നേരിട്ടെത്തി സംഭവത്തിന് വാര്‍ത്താ പ്രാധാന്യവും നല്‍കി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ രൂക്ഷത സമൂഹത്തെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം.
അതിനിടെയാണ് രാഷ്ട്രീയ മുതലെടുപ്പില്‍ ഹനീഫയുടെ കുടുംബം തന്നെ പരാതിയുമായെത്തുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഏതായാലും പരാതി കിട്ടിയ സാഹചര്യത്തില്‍ വിവാദ ഫ്‌ലക്‌സുകള്‍ നീക്കം ചെയ്‌തേയ്ക്കും.
എന്നാല്‍ വിഷയത്തില്‍ പൊലീസ് അന്വേഷണത്തിലെ ഇരട്ടത്താപ്പും മറ്റും ഉയര്‍ത്തി സിപിഐ(എം) പ്രതിഷേധം തുടരും. ഹനീഫയുടെ വീട്ടില്‍ എത്തിയ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ മാത്രമാണ്. മറ്റുള്ളവരാരും സംഘര്‍ഷത്തെ ഭയന്ന് എത്തിയില്ല. ഈ സാഹചര്യത്തില്‍ സിപിഐ(എം) നേതാക്കളുടെ വീട്ടിലേക്കുള്ള വരവ് തടയാനാണ് ഭാര്യയെ കൊണ്ട് പരാതി നല്‍പ്പിച്ചതെന്നാണ് സിപിഐ(എം) വിലയിരുത്തുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ രക്തക്കറ തങ്ങള്‍ക്കുമാത്രമല്ല കോണ്‍ഗ്രസിനും അതില്‍ പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രാഷ്ട്രീയ പ്രചാരണം ശക്തമാക്കാന്‍ തന്നെയാണ് സിപിഎം തീരുമാനം.