ദില്ലി: പഞ്ചാബില്‍ സീറ്റിനുവേണ്ടി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് ആരോപണം. ലൈംഗികാരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് തലവേദനയാകുകയാണ്. മുതിര്‍ന്ന നേതാവായ ദേവീന്ദര്‍ ഷെഹ്റാവത്താണ് കത്തിലൂടെ ഇക്കാര്യം ആരോപിച്ചത്.
ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ വരെ ഇതിന് കൂട്ടു നില്‍ക്കുന്നുണ്ടെന്നും, എന്നാല്‍ ഇതിന് തന്റെ പക്കല്‍ തെളിവില്ലെന്നും ഷെഹ്റാവത്ത് കത്തില്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി ഡല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡെയുടെ സ്വഭാവ ശുദ്ധിയെയും കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ അശുതോഷ്, സഞ്ജയ് സിംഗ്, എന്നിവരെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. ഇത്തരം നേതാക്കള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ്. ഇക്കാര്യം അന്വേഷിച്ച് പാര്‍ട്ടി ശക്തമായ നടപടി എടുക്കണമെന്നും ഷെഹ്റാവത്ത് ആവശ്യപ്പെട്ടു. അശ്ലീല സിഡി വിവാദത്തില്‍ അറസ്റ്റിലായ മുന്‍മന്ത്രി സന്ദീപ് കുമാറിനെ അനുകൂലിച്ച അശുതോഷിന്റെ നടപടിയെയും കത്തില്‍ ഷെഹ്റാവത്ത് ചോദ്യം ചെയ്തിട്ടുണ്ട്.
രണ്ട് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും അടങ്ങിയ സിഡി പുറത്തുവന്നതിന് പിന്നാലെ സന്ദീപ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും, പാര്‍ട്ടിയില്‍ നിന്നും കെജ്രിവാള്‍ പുറത്താക്കിയിരുന്നു. ആരോപണത്തില്‍ ഉള്‍പ്പെട്ട യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സന്ദീപ് കുമാറിനെ ദില്ലി പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.