മക്കൾ ഉപേക്ഷിച്ചു: മുൻ എംഎൽഎയ്ക്കു അഭയം ഗാന്ധിഭവനിൽ; സിപിഐ നേതാവിനെ പാർട്ടിയും ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ

പത്തനാപുരം: വാഴൂർ മുൻ എംഎൽഎയും സിപിഐ നേതാവുമായ പുരുഷോമൻപിള്ളയെ മക്കളും പാർട്ടിയും കയ്യൊഴിഞ്ഞു. വാഴൂർ മുൻ എംഎ!ൽഎ അഡ്വ. കടയണിക്കാട് പുരുഷോത്തമൻ പിള്ളയ്ക്ക് വാർദ്ധക്യകാലത്ത് അഭയമൊരുക്കിയത് പത്തനാപുരത്തെ ഗാന്ധി ഭവൻ. മക്കൾ കൈവിട്ടതാണ് ഒരുകാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയനായിരുന്ന ഈ സിപിഐ നേതാവിനെ അനാഥാലയത്തിൽ എത്തിച്ചത്. മക്കൾ ഉപേക്ഷിച്ച നിലയിൽ പലയിടങ്ങളിൽ കറങ്ങി നടക്കുന്നതു കണ്ട് പ്രാദേശിക നേതാക്കളാണ് പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്. വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണെന്നും പോകാൻ മറ്റിടങ്ങൾ ഒന്നുമില്ലെന്നുമാണ് പിള്ള പറയുന്നത്.
ഇതിനിടെ, പൊതുതാത്പര്യാർത്ഥം ഫയൽ ചെയ്ത പരാതിയിൽ കടയണിക്കാട് പുരുഷോത്തമൻ പിള്ളയുടെ സ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയാൽ മക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. രണ്ട് ആൺമക്കളും മകളുമാണ് പുരുഷോത്തമൻ പിള്ളയ്ക്ക്. പിതാവ് ഇവിടെയുണ്ടെന്നും വന്നാൽ കൊണ്ടുപോകാമെന്നും ഗാന്ധിഭവനിൽ നിന്ന് പലതവണ വിളിച്ചു പറഞ്ഞിട്ടും മക്കൾ എത്തിയില്ല.
കഴിഞ്ഞ ആഴ്ച പുനലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എൺപത്തിയേഴ് വയസുണ്ട്. ഓർമ്മക്കുറവുണ്ട്. സംസാരിക്കാൻ പോലുമാവാത്ത വിധം അവശനാണ്. മകളും ഭർത്താവും ഒരുതവണ വന്നു കണ്ടിരുന്നു. എന്നാൽ തന്നോടൊപ്പം അച്ഛനെ താമസിപ്പിച്ചാൽ പ്രശ്‌നമുണ്ടാക്കുമെന്നാണ് സഹോദരന്മാരുടെ ഭീഷണിയെന്ന് ഇവർ പറയുന്നു.
കടുത്ത രോഗങ്ങളോട് മല്ലിടുന്ന ഇദ്ദേഹത്തെ ഗാന്ധിഭവൻ പ്രവർത്തകർ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് മാറിമാറി കൊണ്ടുപോകുന്നു. ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗാന്ധിഭവൻ പ്രവർത്തകർ ഇക്കാര്യം പലതവണ ആൺമക്കളെ വിളിച്ചു പറഞ്ഞിരുന്നു. മക്കളെ അന്വേഷിച്ച് പത്രത്തിൽ പരസ്യംവരെ കൊടുത്തു. പ്രതികരണമൊന്നുമുണ്ടായില്ല. മക്കളെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ച വിവരം അറിയിച്ച സിസ്റ്ററോട് തലസ്ഥാനത്തെ അഭിഭാഷക സംഘടനാ നേതാവായ മകൻ മോശമായി സംസാരിച്ചതായി ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ പറഞ്ഞു.
എംഎ!ൽഎ പെൻഷൻ എടുക്കാൻ ഗാന്ധിഭവന് അദ്ദേഹം അനുമതി നൽകിയിരുന്നു. എന്നാൽ അത് സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പുനലൂർ സോമരാജൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top