എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; പുതിയ സ്പീക്കര്‍ നാളെ

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യ ദിവസം. പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയായിരിക്കും സമ്മേളനം നിയന്ത്രിക്കുക. രാവിലെ ഒമ്പതിന് സഭ സമ്മേളിക്കും. പ്രോ ടെം സ്പീക്കര്‍ നേരത്തേ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
അംഗങ്ങള്‍ പ്രോ ടെം സ്പീക്കര്‍ക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുക. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച  ഉച്ചവരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സ്വീകരിക്കുക. പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍  ഇടതു മുന്നണി തീരുമാനിച്ചിരുന്നു.യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രമേ മത്സരമുണ്ടാകൂ. ഇക്കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് യു.ഡി.എഫ് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കും.
ഇക്കുറി സഭയില്‍ എത്തിയ 140 പേരില്‍ 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളും. 83 പേര്‍ വീണ്ടും വിജയിച്ചത്തെുന്ന സിറ്റിങ് എം.എല്‍.എമാരാണ്. 13 പേര്‍ ഇടവേളക്കു ശേഷം വീണ്ടും എത്തുന്നവരും. ബി.ജെ.പിയുടെ സാന്നിധ്യമാണ്  മറ്റൊരു പ്രത്യേകത. നേമം മണ്ഡലത്തില്‍ വിജയിച്ച ഒ. രാജഗോപാലിന്‍െറ നിയമസഭാ പ്രവേശം വലിയ ആഘോഷമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.  രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ ഇക്കുറി സഭയിലുണ്ടാകും. ഭരണപക്ഷത്ത് വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷത്ത് ഉമ്മന്‍ ചാണ്ടിയും. കഴിഞ്ഞ സഭയില്‍നിന്ന് രാജിവെച്ച രണ്ട് അംഗങ്ങള്‍ വീണ്ടും വിജയിച്ച് എത്തിയിട്ടുണ്ട്. പൂഞ്ഞാറില്‍നിന്ന് പി.സി. ജോര്‍ജും കുന്നത്തൂരില്‍നിന്ന് കോവൂര്‍ കുഞ്ഞുമോനും. കഴിഞ്ഞ തവണ രണ്ടുപേരും യു.ഡി.എഫിലായിരുന്നു. ഇക്കുറി കോവൂര്‍ കുഞ്ഞുമോന്‍ ഇടതില്‍ ആര്‍.എസ്.പി-എല്ലിലും ജോര്‍ജ് സ്വതന്ത്രനും. ഏറെനാളിനു ശേഷമാണ് എല്ലാ അര്‍ഥത്തിലും സര്‍വ സ്വതന്ത്രനായ അംഗം സഭയില്‍ ഉണ്ടാകുന്നത്.

Top