തിരുവനന്തപുരം : വൈദ്യുതി മന്ത്രിയ്‌ക്കെതിരെ നിയമസഭയില്‍ വിമര്‍ശനവുമായി എം.എം. മണി. ഹൈഡല്‍ ടൂറിസം പദ്ധതിക്ക് തന്റെ മരുമകന്‍ കുഞ്ഞുമോന്‍ അദ്ധ്യക്ഷനായ സഹകരണസംഘത്തിന് ഇടുക്കിയില്‍ കെ.എസ്.ഇ.ബി ഭൂമി ക്രമരഹിതമായി നല്‍കിയെന്ന ആക്ഷേപം മുന്‍ മന്ത്രി എം.എം. മണി നിയമസഭയില്‍ നിഷേധിച്ചു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എം.എം. മണി ഉയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ കെ.എസ്.ഇ.ബി ചെയര്‍മാന്റെ ഫേസ് ബുക്ക് പോസ്റ്റ് മന്ത്രി അറിയാതെയാണെന്നാണ് പറയുന്നത്. മന്ത്രി അറിഞ്ഞുകൊണ്ടാണെങ്കില്‍ പരിതാപകരമായേനെ.
ഇത്തരക്കാരെ നിറുത്തേണ്ടിടത്ത് നിറുത്തണം. ആണുങ്ങള്‍ ഇരിക്കേണ്ടിടത്ത് ഇരിക്കണം. അല്ലെങ്കില്‍ അവിടെ മറ്റെന്തെങ്കിലും കയറിയിരിക്കുമെന്നായിരുന്നു വിമര്‍ശനം. ചെയര്‍മാന്‍ ആക്ഷേപങ്ങളുന്നയിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. പിന്നീടത് പിന്‍വലിച്ചു. മോശംപണി കാണിച്ച ശേഷം പിന്‍വലിച്ചിട്ട് കാര്യമുണ്ടോ. അതിനെകുറിച്ച് പറഞ്ഞാല്‍ മോശംവാക്കായി പോകും.
ഭൂമി നല്‍കിയകാലത്ത് കമലയായിരുന്നു സഹകരണ സംഘത്തിന്റെ പ്രസിഡന്റ്. പിന്നീടാണ് കുഞ്ഞുമോന്‍ തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് ഭരണകാലത്ത് വ്യക്തികള്‍ക്കാണ് പദ്ധതിയനുസരിച്ച് ഭൂമി നല്‍കിപോന്നത്. താന്‍ മന്ത്രിയായിരുന്നപ്പോഴാണ് സഹകരണ സംഘങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചത്. അതിന് നിയമവ്യവസ്ഥയുണ്ടായിരുന്നു.
അതിലൊന്നും അഴിമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഊര്‍ജ സെക്രട്ടറിഅന്വേഷിക്കും: കെ.കൃഷ്ണന്‍കുട്ടിഹൈഡല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്‍പ്പെടെ കെ.എസ്.ഇ.ബിക്കെതിരെ സഭയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി മറുപടി നല്‍കി.
കെ.എസ്.ഇ.ബിയുടെ ഭൂമി ഫുള്‍ ബോര്‍ഡിന്റെ അനുമതികൂടാതെ ചിലയിടങ്ങളില്‍ 2015മുതല്‍ വ്യവസായങ്ങള്‍ക്ക് പാട്ടത്തിന് നല്‍കിയതും അന്വേഷിക്കും. ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ കരാറുകളില്‍ അടങ്കല്‍ തുക ഉയര്‍ത്തിയത് അഴിമതിക്ക് വഴിവച്ചുവെന്ന ആരോപണം മന്ത്രി തള്ളി. ഗുണനിലവാരം ഉയര്‍ത്താനും നിര്‍വഹണശേഷി കൂടുതലുള്ള കമ്പനികളെ ഉള്‍പ്പെടുത്താനുമാണ് അടങ്കല്‍തുക കൂട്ടിയത്.
ഇത് ക്രമക്കേടായി കാണാനാവില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാമെന്ന് ഹൈക്കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ശമ്പളപരിഷ്‌കരണം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിന്റെ പരാമര്‍ശവും അനുമതിയില്ലാതെ ഔദ്യോഗികവാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതും പരിശോധിക്കും.