തിരുവനന്തപുരം: ഇതു കണ്ണില്‍ പൊടിയിടാനുള്ള ശാസന മാത്രം .സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. മണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണു സംസ്ഥാന സമിതിയില്‍ ഉണ്ടായത്. മണിയുടെ നിരന്തരമായ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയാണെന്നും മുഖംനോക്കാതെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രേ ട്ടറിയറ്റ് മണിക്കെതിരേ നടപടിയെടുക്കണമെന്നു തീരുമാനിച്ച വിവരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍റെയടിസ്ഥാനത്തിലായിരുന്നു സംസ്ഥാന സമിതിയില്‍ ചര്‍ച്ച നടന്നതും മണിയെ പരസ്യമായി ശാസിക്കാന്‍ തീരുമാനമെടുത്തതും.
സിപിഎമ്മിന്‍റെ അച്ചടക്ക നടപടികളില്‍ മൂന്നാമത്തേതാണു പരസ്യശാസന. മന്ത്രിയായിട്ടും തന്‍റെ ശൈലി മാറ്റില്ലെന്ന മണിയുടെ നിലപാടു പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതാണെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സംസ്ഥാന സമിതിയില്‍ പറഞ്ഞു. എന്തു ചെയ്താലും സംരക്ഷണം കിട്ടുമെന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെയുള്ള വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പുവരുത്താന്‍ നേതൃത്വത്തിനാകണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ചര്‍ച്ചയില്‍ ഒരു നേതാവും മണിയെ പിന്തുണയ്ക്കാന്‍ തയാറായില്ല. മണിക്കെതിരെ ശക്തമായ വിമര്‍ശനം സംസ്ഥാന സമിതിയില്‍ ഉണ്ടാകുമെന്നു കണ്ടുകൊണ്ട് സംസ്ഥാന സമിതിക്കു മുമ്പു മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരെ എന്തു നടപടി വേണമെന്ന് ആലോചിച്ചു. താക്കീതോ പരസ്യശാസനയോ മതിയെന്ന ഉറച്ച നിലപാടിലായിരുന്നു പിണറായി വിജയന്‍.
മന്ത്രി കൂടിയായതിനാല്‍ മണിക്കെതിരെ ശക്തമായ നടപടി പാര്‍ട്ടി സ്വീകരിച്ചാല്‍ അതു സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നു സംസ്ഥാന സമിതിയില്‍ വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ തന്നെ ആമുഖമായി കോടിയേരി സൂചിപ്പിച്ചു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ വീണ്ടും തുടര്‍ന്നാല്‍ മന്ത്രിസ്ഥാനത്തു മാത്രമല്ല പാര്‍ട്ടി സെക്രട്ടേറിയറ്റിലും മണി കാണില്ലെന്നും കോടിയേരി പറഞ്ഞു. മണിക്കെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധം രാഷ്‌ട്രീയമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ഇന്നലെയും മന്ത്രി മണിയെ സംരക്ഷിക്കുന്ന നിലപാടു തന്നെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ എം.എം. മണിയെ ഇതു രണ്ടാം തവണയാണു സിപിഎം പരസ്യമായി ശാസിക്കുന്നത്. നേരത്തേ വണ്‍, ടൂ, ത്രീ പ്രസംഗത്തിന്‍റെ പേരിലാ യിരുന്നു പരസ്യശാസന.