മണിയെ പിൻതുണച്ച് ഹർഷന്റെ ‘പോസ്റ്റ്’ വൈറൽ; എന്റെ പോസ്റ്റ് ഇങ്ങനല്ലെന്ന് ഹർഷൻ: ഒടുവിൽ പോസ്റ്റ് കള്ളൻ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ എന്തു വിഷയത്തിലും കൃത്യമായ അഭിപ്രായം രേഖപ്പെടുത്തി കൃത്യമായ ഇടപെടൽ നടത്തുന്ന വ്യക്തിയാണ് മാതൃഭൂമി ചാനലിലെ റിപ്പോർട്ട് ഹർഷൻ. ഹർഷന്റെ ഓരോ പോസ്റ്റും കൃത്യമായ നിലപാടുകളോടെ ഉള്ളതായതിനാൽ സാധാരണ എല്ലാ പോസ്റ്റുകളും വൈറലാകുകയാണ് പതിവ്. മൂന്നാർ കയ്യേറ്റവും എം.എം മണിയുടെ വിവാദ പ്രസംഗവും എല്ലാമുണ്ടായിട്ടും ഇത്തവണ പക്ഷേ, ഇതുവരെയും ഹർഷന്റെ പോസ്റ്റുകളൊന്നുംകണ്ടിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹർഷന്റേതെന്ന പേരിൽ ജീവിതാനുഭവക്കുറിപ്പ് വൈറലായത്.
സുഹൃത്തുക്കളിൽ ആരോ ഫോർവേഡ് ചെയ്ത് ഹർഷനും പോസ്റ്റ് ലഭിച്ചത്. ഇതോടെയാണ് സംഭവത്തിന്റെ തിരക്കഥ വ്യക്തമായത്. പോസ്റ്റിൽ പ്രചരിക്കുന്ന കഥ തന്റേതല്ലെന്നും അതു മറ്റാരുടെയോ സാഹിത്യമാണെന്നും വ്യക്തമാക്കി ഹർഷൻ തൊട്ടു പിന്നാലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റുമിട്ടു. ഈ പോസ്റ്റ് വൈറലായതോടെയാണ് ഹർഷന്റേതെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ യഥാർഥ ഉടമ രംഗത്ത് എത്തിയത്. ഇതോടെ ഹർഷനും ഇദ്ദേഹവും തമ്മിൽ ചാറ്റ് ചെയ്ത എല്ലാം പറഞ്ഞ് കോപ്ലിമെൻസാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹർഷന്റേതെന്ന പേരിൽ പ്രചരിച്ച പോസ്റ്റ്

tm
ടി. എം. ഹർഷൻ { മാധ്യമ പ്രവർത്തകൻ}
@?Harshan Pooppara?
MM മണിയുടെ പ്രസംഗവും മൂന്നാർ മേഖലയിലെ പ്രശ്‌നങ്ങളും പൂർണ്ണമായി മനസ്സിലാക്കിയതിന് ശേഷമാണ് ഞാൻ നിലപാട് സ്വീകരിച്ചിട്ടുള്ളൂ. ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന പൊതുബോധത്തിന് അനുസൃതമായി നിലപാടുകൾ പോസ്റ്റ് ചെയ്താൽ കുറെ ഉത്തമൻമാരുടെ കമൻറ്കളും ലൈക്കും വരിക്കൂട്ടി സർവോത്തമ പട്ടം നേടാം… ഏതായാലും ഞാൻ ഉത്തമൻമാരുടെ ഗണത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല. ബോധ്യപ്പെടുന്ന ശരികൾക്കൊപ്പം നിൽക്കുന്നതിൻറെ പേരിൽ ന്യായീകരണ തൊഴിലാളിയെന്നോ കൂലി എഴുത്തുകാരൻ എന്ന പട്ടം ചാർത്തപ്പെട്ടാലോ എനിയ്ക്ക് ഒരു ചുക്കുമില്ല. എൻറെ അച്ഛൻ ഒരു തോട്ടം തൊഴിലാളി ആയിരുന്നു. അമ്മ ഒരു കർഷക തൊഴിലാളിയും. ഞങ്ങളുടെ മൺകുടിലിൻറെ ചുവരിൽ എൻറെ അച്ഛൻ പതിപ്പിച്ച AKG-യുടെയും EMS-ൻറെയും ചിത്രങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചത്…

ഞാൻ ആദ്യമായി ചെരിപ്പ് ധരിച്ച് തുടങ്ങിയത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പാൻറ്‌സ് ധരിച്ച് തുടങ്ങിയത് കോളേജിൽ പോയി തുടങ്ങിയപ്പോൾ. ഒരു മുച്ചക്ര സൈക്കിൾ സ്വപ്നം കണ്ട ഒരു ശൈശവം എനിക്കുണ്ടായിരുന്നു. ഒരു സൈക്കിൾ സ്വപ്നം കണ്ട കൗമാരം എനിയ്ക്കുണ്ടായിരുന്നു. ഇതൊന്നും കിട്ടിയില്ല. അത് വാങ്ങിത്തരാനുള്ള സാമ്പത്തികം എൻറെ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നില്ല.

നിറമുള്ള വസ്ത്രങ്ങളൊക്കെ അന്ന് ആഢംബരങ്ങളായിരുന്നു. ഇത് എൻറെ മാത്രം പ്രശ്‌നമായിരുന്നില്ല എൻറെ സമകാലികരുടെ എല്ലാം പ്രശ്‌നങ്ങളായിരുന്നു. ഇന്ന് അഭ്രപാളികളിൽ പൂയംകുട്ടി എന്ന നിബിഢവനത്തിൻറെ വശ്യവും മനോഹാരിതയും കണ്ട് അന്തം വിടുന്ന ട്രക്കിംഗ് ആലോചിക്കുന്ന, നടത്തുന്ന ആളുകൾ ആ പ്രദേശം ഉൾപ്പെടുന്ന ഞങ്ങളുടെ കുട്ടമ്പുഴയ്ക്ക് ഒരു പിന്നോക്കാവസ്ഥയുണ്ടായിരുന്നു. പൂയംകുട്ടി വനാന്തരങ്ങളിലെ ഈറ്റകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന മഹാ ഭൂരിപക്ഷം ജനത. മൂന്ന് ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന ഒരു കുടിയേറ്റ കാർഷിക-തൊഴിലാളി ഗ്രാമം. അവിടെ പക്ഷേ എന്റെ അച്ഛനും അമ്മയും ചെയ്ത ഏറ്റവും നല്ല പ്രവൃത്തി ഞങ്ങൾ മൂന്ന് മക്കൾക്കും മികച്ച നിലയിൽ ഉന്നത വിദ്യാഭ്യസം നേടിത്തന്നു. പ്രാഥമിക വിദ്യാഭ്യസം മാത്രം നേടിയ എൻറെ അച്ഛൻറെയും അമ്മയുടെയും ചോര വിയർപ്പാക്കിയ പണം കൊണ്ട് ഞങ്ങൾ ഉന്നത വിദ്യാഭ്യസം നേടി. എൻറെ അച്ഛൻ അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു. ആ ചിന്തയും ബോധവും ഞങ്ങൾ മക്കൾക്ക് മൂന്നാൾക്കും പകർന്ന് കിട്ടിയിട്ടുണ്ട്. കുട്ടമ്പുഴ ഗവൺമെൻറ് ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസിൽ വെച്ച് SFI പ്രവർത്തനം ആരംഭിക്കുമ്പോൾ ഞങ്ങളുടെ പാർടി ജില്ലാ സെക്രട്ടറി MM മണിയാണ്. പിന്നീട് SFI-DYFI സംഘടനാ രംഗത്ത് പടിപടിയായി ഞാൻ ഉയർന്ന് പോകുമ്പോഴും പാർടിയുടെ ജില്ലാ സെക്രട്ടറി ആയി സഖാവ് എം.എം.മണി തന്നെ.1

1997-ൽ ആണ് അതുവരെയും ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന ഞങ്ങളുടെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയിലേക്ക് ലയിപ്പിക്കുന്നത്. പക്ഷേ ഇന്നും MM മണിയുമായുള്ള ബന്ധം നിലനിർത്തിപ്പോകുന്നു. ഇടുക്കി ജില്ല CPIM-ന് ബാലികേറാമലയായിരുന്ന സ്ഥിതിയിൽ നിന്ന് ഒരു അസ്ഥിത്വവും മേധാവിത്വവും CPIM-ന് നേടിത്തന്നത് MM മണിയാണ്. CPIM രാഷ്ട്രീയത്തിൽ MM മണി ഒരു ചരിത്രമാണ്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ സെക്രട്ടറി പദവി കൈയാളിയ ഏക നേതാവ്. പക്ഷേ ആ പദവി ഒരു കെട്ടുകാഴ്ച്ച പോലെ ആഘോഷിക്കുകയായിരുന്നില്ല. ഹൈറേഞ്ചിൽ തോട്ടം കങ്കാണിമാരോടും തൊഴിലാളി ചൂഷകരോടും നിരന്തരം ഏറ്റ്മുട്ടി തൊഴിലാളികൾക്കായി ജീവിക്കുകയായിരുന്നു. ആ സമർപ്പിത ജീവിതത്തിൻറെ ബാക്കിപത്രമാണ് UDF-ൻറെ നെടുങ്കോട്ടയായിരുന്ന ദേവികുളം-ഉടുമ്പഞ്ചോല നിയമസഭാ മണ്ഡലങ്ങൾ CPIM സ്ഥിരമായി ജയിക്കുന്നത്. ഒപ്പം ഒട്ടേറെ ഗ്രാമ പഞ്ചായത്തുകളിൽ ഇടതുഭരണം സാദ്ധ്യമാക്കിയത്.

വിശക്കുന്ന വയറുകൾക്ക് മുന്നിൽ, നഗരജീവികളുടെ പൊങ്ങച്ച ആഘോഷങ്ങൾ വശമില്ലാത്ത മണിയെ തന്നെ ചിലർ വിശേഷിപ്പിക്കുന്ന അപരിഷ്‌കൃതരുടെ മുന്നിൽ സംസാരിച്ച ഭാഷയേ ഒരു ഹൈറേഞ്ച്കാരന് ഉണ്ടാകൂ…. അയാൾ സംസാരിക്കുന്നത് അയാളെ കേൾക്കാൻ വരുന്ന ആളുകൾക്ക് മുന്നിലാണ്. അവർ ആ ഭാഷയും ശൈലിയും ഇഷ്ടപ്പെടുന്നു. കാരണം അവർ അരി സ്റ്റോക്രാറ്റിക് നഗരവാസികൾ അല്ല… ഡിപ്ലോമ സി, മീഡിയാ ലോബിയിംഗ് ഇതൊന്നും മണിയാശാന് വശമില്ല. MLA പോലും ആകുമെന്ന് സ്വപ്നം കാണാതിരുന്ന ആൾക്ക് പാർടി സീറ്റ് നൽകി. മന്ത്രിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് മന്ത്രി പദവിയും. ഇനി അത് ഒഴിയേണ്ടി വന്നാലും ഓ പുല്ല്… എന്ന് പറഞ്ഞ് അങ്ങ് ഇട്ടിട്ട് പോകും മണിയാശാൻ..

ഞാൻ മുമ്പ് പുകച്ച് തള്ളിയുന്ന ഒരു സിഗറിറ്റിൻറെ വില പത്ത് രൂപയായിരുന്നു. ആ പത്ത് രൂപ കൂലിയ്ക്ക് സ്‌കൂൾ വെക്കേഷൻ കാലത്ത് ഞാൻ പണിയ്ക്ക് പോയിട്ടുണ്ട്. അന്ന് എൻറെ അമ്മയുടെ കൂലി പതിനഞ്ച് രൂപയായിരുന്നു. രാവിലെ 8 മണി മുതൽ 5 മണി വരെയാണ് തൊഴിൽ സമയം.. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ഉയരങ്ങൾ താണ്ടി. മുച്ചക്ര സൈക്കിളും, സൈക്കിളും സ്വന്തമായി നേടാൻ കഴിയാതിരുന്ന ഇല്ലായ്മയുടെ ഭൂതകാലത്തിൽ നിന്ന് കാറും ബൈക്കും സ്‌കൂട്ടറും എല്ലാം സ്വന്തമാക്കാൻ എനിക്ക് കഴിഞ്ഞു എന്നുണ്ടെങ്കിൽ അത് എൻറെ മാത്രം അദ്ധ്വാനമല്ല.. അതിവിടെ സൃഷ്ടിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക മാറ്റത്തിൻറെ കൂടി ഭാഗമാണ്. അതിൽ CPIM-ഉം CPM നയിച്ച ഗവൺമെൻറ്കളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച അരി സ്റ്റോക്രാറ്റിക് വിദ്യാഭ്യാസം നേടിയ മണ്ണിനെയും മനുഷ്യനെയും അറിയാത്തവർക്ക് ഇന്നലെകളെ കുറിച്ച് അറിയില്ല. കുടിയേറ്റ ഗ്രാമങ്ങളിലെ ദൈന്യതയേക്കുറിച്ച് അറിയില്ല. അവർക്ക് CPIM നോട് പുച്ഛം. MM മണിയുടെ പേരിൽ ഏതെങ്കിലും അഴിമതി തെളിയിക്കാൻ പറ്റിയോ ? ആരോപണം ആർക്കെതിരെയും ഉന്നയിക്കാം. അതിന് തെളിവുകൾ വേണ്ട…. അത് നിരന്തരം ഉന്നയിച്ച് വേട്ടയാടപ്പെടും. അത് രാഷ്ട്രീയക്കാരൻറെ ദുര്യോഗമാണ്..

ഞാനിപ്പോൾ CPIM ൻറെയോ വർഗ്ഗ ബഹുജന സംഘടനകളുടെയോ ഭാഗമല്ല… എല്ലാ കെട്ടുപാടുകളിൽ നിന്നും കുതറി മാറി സ്വതന്ത്രനായി നിൽക്കുന്നു. എൻറെ തൊഴിൽ മേഖല മാധ്യമ രംഗമാണ്. വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ അതിൽ CPIM-ന് എതിരായ വാർത്ത കൈകാര്യം ചെയ്യേണ്ടി വന്നാൽ സംഘടനാ ചുമതലകൾ എനിയ്ക്ക് അതിന് തടസ്സമാകരുത്, അതിൻറെ പേരിൽ ഷോ കോസ്, വിശദീകരണം, നടപടി അതിൻറെയൊന്നും ആവശ്യമില്ല. വാർത്തകളുടെ ലോകത്ത് നേരിനൊപ്പം മാത്രം. പല വാർത്തകളും CPIM-നും CPIM പ്രവർത്തകർക്കും ഹിതകരമല്ലാത്തത് ചെയ്തിട്ടുണ്ട്. അതിനിയും തുടരും… പക്ഷേ റേറ്റിംഗിന് വേണ്ടി നേരല്ലാത്ത ഒരു വാർത്തയും സി.പി.ഐ.എമ്മിന് എതിരെ ചെയ്യില്ല. മാർക്‌സിസ്റ്റാകുക എന്നത് തന്നെ ഈ കാലത്ത് ഒരു പോരാട്ടമാണ്….
തന്റേതല്ലെന്നു പറഞ്ഞ് ഹർഷനിട്ട പോസ്റ്റ്

sur
രാവിലെ ചില സുഹൃത്തുക്കൾ അയച്ചുതന്നപ്പോഴാണ് ഇത് കണ്ടത്.ഞാനെഴുതിയതാണെന്നമട്ടിൽ വാട്‌സപ്പിലും ഫേസ്ബുക്കിലും ഇങ്ങനൊരു സാഹിത്യം വ്യാപകമായി പ്രചരിയ്ക്കുന്നുണ്ടത്രെ.
എം എം മണിയുടെ പ്രസംഗത്തെക്കുറിച്ച് ഇതുവരെ ഞാനൊന്നും പറഞ്ഞിട്ടില്ല.അഭിപ്രായമില്ലാത്തതുകൊണ്ടല്ല,സമയവില്ല.പക്ഷേ ഞാനൊന്നും എഴുതിയില്ലെങ്കിലും എനിയ്ക്കുവേണ്ടി എഴുതിമറിയ്ക്കാൻ ഏതോ.. മ മ മ…അല്ലേ വേണ്ട, രാവിലെ തെറി പറയുന്നില്ല.ഏതോ മത്തങ്ങാത്തലയൻ എനിയ്ക്കുവേണ്ടി എഴുതാൻ ഒണ്ടെന്ന് മനസ്സിലായി.രാവിലെ ഒരു സഹോദരി ഈ കുറിപ്പുകണ്ട് കരഞ്ഞുപോയെന്നുംപറഞ്ഞ് വിളിച്ചു,അത്രയ്ക്ക് ദുരന്തപൂർണമായ ജീവിതമാരുന്നു എന്റേതെന്ന് വാട്‌സപ്പിൽ പ്രചരിച്ച കുറിപ്പിലുണ്ടത്രേ.ഞാനൊരു ദുരന്തമാണോന്ന് എടയ്ക്ക് എനിയ്ക്ക് തോന്നാറുള്ളതൊഴിച്ചാൽ ആ കുറിപ്പിൽ പറയുന്ന ദുരന്തം എന്റെയല്ല.അത് വായിച്ച് ഇനീം ആരും നെഞ്ചത്ത് തല്ലരുത് എന്നോർത്താ ഇതെഴുതുന്നത്.അതിൽ പറഞ്ഞിരിയ്ക്കുന്ന ആൾ ഞാനല്ല,അതെഴുതിയതും ഞാനല്ല.

എനിയ്‌ക്കെന്തിനേക്കുറിച്ചെങ്കിലും എന്തെങ്കിലും പറയണവെങ്കിൽ അതിവ്‌ടെ,ഫേസ്ബുക്കിൽ എന്റെ വാളിൽ കാണും.വാട്‌സപ്പിലും ഫേസ്ബുക്കിലും എന്റെ പേരും വച്ച് വരുന്ന ദുരന്തങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല എന്ന് ഇതിനാൽ അറിയിക്കുന്നു.

അതെഴുതിയത് ആരായാലും ഇങ്ങനൊരു പാര പണിയാൻ മെനക്കെട്ടതിന് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
അഡ്രസൂടെ പറഞ്ഞിരുന്നേ അലുവാ മേടിച്ച് അയച്ചുതന്നേനെ.ഇനീം ഇമ്മാതിരി കുത്തിക്കഴപ്പ് തോന്നുമ്പോ ‘ആകാശദൂതിന്റെ’ രണ്ടാംഭാഗം എഴുതാൻ ശ്രമിയ്ക്കണം,തീർച്ചയായും ആരേലും സിൽമയാക്കും.

ആദ്യത്തെ പോസ്റ്റ് എഴുതിയ സുരേഷുമായി ചാറ്റ് ചെയ്ത ശേഷമുള്ള ഹർഷന്റെ പോസ്റ്റ്
ജീവിതാനുഭവങ്ങൾ പലർക്കും പലതാണ്.അതിന് വിലയിടാൻ അനുഭവസ്ഥന് മാത്രമേ അവകാശമുള്ളൂ.ഒരാൾ അയാളുടെ തീവ്രാനുഭവങ്ങൾ എവിടെയെങ്കിലുമെഴുതിയാൽ അത് മറ്റൊരാളുടെ പേരിൽ പ്രചരിപ്പിയ്ക്കപ്പെടുന്നത് കഷ്ടമാണ്.

സുരേഷെന്ന കുട്ടമ്പുഴക്കാരൻ ഫേസ്ബുക്കിലെഴുതിയ അനുഭവക്കുറിപ്പ് ഏതോ ഒരു വിരുതൻ പൊടിപ്പും തൊങ്ങലും ചേർത്ത് ഞാനെഴുതിയതാണെന്ന മട്ടിൽ പ്രചരിപ്പിച്ചു.അത് ചെറുതല്ലാത്ത പുകിലാണ് എനിയ്ക്കുണ്ടാക്കിയത്. വിശദീകരിച്ച് വിയർത്തു.
സുരേഷിനും വിഷമമുണ്ടായിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

എനിയ്ക്കുവേണ്ടി എഴുതിയതല്ല എന്ന് വ്യക്തമായി. മറ്റൊരാളെഴുതിയതിനോട് എന്റെ പേര് ചേർത്തുവച്ചതാണ്, കൂട്ടിച്ചേർക്കലുകളുമുണ്ട്.
ആരാണെങ്കിലും മര്യാദയില്ലാത്ത പണിയായിപ്പോയി.

(സുരേഷിന്റെ ഒറിജിനൽ പോസ്റ്റ് ഒന്നാമത്തെ കമന്റിൽ)

Top