ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ഡല്‍ഹി-ഇന്‍ഡോര്‍ വിമാനത്തില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇന്ത്യയിലെ വിമാനയാത്രകളില്‍ ചെക്ക് ഇന്‍ ബാഗുകളില്‍ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്.
സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചെക്ക്ഇന്‍ ബാഗുകളില്‍ വിലക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വ്യോമയാന ഏജന്‍സികള്‍ ചര്‍ച്ച ചെയ്തുവരികയാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നിരോധനം ഏര്‍പ്പെടുത്തിയാല്‍, ഇന്ത്യയിലെ വിമാനസര്‍വീസുകളിലും ഇത് നടപ്പിലാക്കാമെന്നാണ് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ തീരുമാനം. നിലവില്‍ പവര്‍ബാങ്ക്, പോര്‍ട്ടബിള്‍ മൊബൈല്‍ചാര്‍ജര്‍, ഇ-സിഗരറ്റ് എന്നിവയ്ക്ക് ചെക്ക്ഇന്‍ ബാഗുകളില്‍ വിലക്കുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അഗ്നിശമനവുമായി ബന്ധപ്പെട്ട് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കുന്നുണ്ട്.