കൊച്ചി :മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് അപകടത്തില്‍ മരിച്ച കേസില്‍ പുതിയ വഴിത്തിരിവ് . മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ.കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും.
ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകടദിവസം വൈകുന്നേരം മന്‍ഫിയ വീട്ടില്‍നിന്നു പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, പിറന്നാള്‍ ആഘോഷത്തിന്റെ കാര്യം സല്‍മാനുലോ ജിബിനോ പറഞ്ഞിട്ടില്ല.
അതേസമയം മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേരെ പോലീസ് തിരിച്ചറിഞ്ഞു.ഇതില്‍ ഏഴ് യുവതികളും ഉള്‍പ്പെടും. ഏഴു പോലീസ് സ്റ്റേഷനുകളിലായാണ് കേസ് എടുത്തിരിക്കുന്നത്.പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു.കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമീഷണര്‍ വ്യക്തമാക്കി.
കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു.അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.അപകടവിവരം ഇയാളാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാളെ കാണാനില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം സൈജുവുമായി അടുത്ത ബന്ധമുള്ള യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.ഇയാളുമായി വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്തവരെയും സൈജുവിന്റെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച ദൃശ്യങ്ങളിലുള്ളവരെയുമാണ് ഇന്നലെ അന്വേഷണ സംഘം ചോദ്യംചെയ്തത്.തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ടുകൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് കേസുകള്‍ എടുത്തിരിക്കുന്നത്. സൈജുവിനെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോഡലുകളുടെ മരണത്തെത്തുടര്‍ന്ന് വിവാദത്തിലായ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിനെതിരേ എക്സൈസ് വകുപ്പ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.സംഭവദിവസം രാത്രി സമയപരിധി കഴിഞ്ഞിട്ടും മദ്യം വിറ്റതിനാണ് എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനു മുമ്പ് ഒക്ടോബര്‍ 23ന് സമയം കഴിഞ്ഞ് മദ്യം വിറ്റതിന് നേരത്തെ കേസെടുത്തിരുന്നു.തുടര്‍ച്ചയായി ഇവിടെ നിയമലംഘനം നടക്കുന്നതായി കാണിച്ചുള്ള റിപ്പോര്‍ട്ട് നേരത്തെ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അതിനിടെ സൈജുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.