ഒരു കുപ്പി ശീതള പാനീയത്തെക്കാള്‍ കുറഞ്ഞ വിലക്ക് ഇന്ത്യയില്‍ ഒരു ജി.ബി ഡാറ്റ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ചയാണ് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. ഉച്ചകോടിക്കു ശേഷം അദ്ദേഹം ജപ്പാനിലെ ഇന്ത്യന്‍ സമൂഹമൊരുക്കിയ വിവിധ പരിപാടികളില്‍ പങ്കെടുത്തു.
ഈ യോഗങ്ങളിലായിരുന്നു മോദി ഡിജിറ്റല്‍ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞത്. വാര്‍ത്താവിതരണ, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കും. 2022 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയില്‍ ഒരു ട്രില്യന്‍ അമേരിക്കന്‍ ഡോളറിന്റെ വളര്‍ച്ചയുണ്ടാകും.
ഒരു കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളിലെല്ലാം തന്നെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയെത്തി. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. 100 കോടിയിലധികം മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്നും മോദി പറഞ്ഞു.