ആരാധകന്റെ ചോദ്യത്തിന് മുന്നില്‍ പതറി മോഡി

പ്രധാനമന്ത്രി നരേന്ദ്ര മോഡി സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലുന്നുവെന്ന പ്രതീതിയുണ്ടാക്കുവാനായി ബിജെപി തുടങ്ങി വച്ച പദ്ധതിയായിരുന്നു മേരാ ബൂത്ത് സബ്സേ മസ്ബൂത്. കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിലെ ഒരു കൂട്ടം ആളുകളോട് സംസാരിക്കുക വഴി ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തുകയും മോഡി ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെയും മോഡി ആരാധകരെയുമാണ് ഇത്തരത്തിലുള്ള പരിപാടിയില്‍ പങ്കെടുപ്പിക്കാറുള്ളത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മോഡി മറുപടി നല്‍കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം പൊണ്ടിച്ചേരിയില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി നേതാക്കളുടെ ആസുത്രണം പിഴച്ചു.

പാര്‍ട്ടി അനുഭാവിയായി വന്ന ഒരാള്‍ ചോദിച്ച ചോദ്യമാണ് മോഡിയെ കുഴപ്പിച്ചത് വളരെ ആവേശത്തോടെ താന്‍ ഈ വര്‍ഷമാദ്യം പുതുച്ചേരിയില്‍ എത്തിയിരുന്നെന്നും അത് മനോഹരമായ സ്ഥലമാണെന്നും പറഞ്ഞു കൊണ്ടായിരുന്നു മോഡി പുതുച്ചേരിയില്‍ നിന്നുള്ള പ്രവര്‍ത്തകരോട് സംസാരിക്കാന്‍ പറഞ്ഞത്. കുറേ പ്രവര്‍ത്തകര്‍ കൈ ഉയര്‍ത്തിയെങ്കിലും മെക്ക് കൈമാറിയത് നിര്‍മല്‍ കുമാര്‍ ജെയ്ന്‍ എന്ന വ്യക്തിക്കായിരുന്നു. അദ്ദേഹം മോഡിയെ പുകഴ്ത്തിക്കൊണ്ട് എഴുതിക്കൊണ്ടു വന്ന ചോദ്യം ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ട് ഞാന്‍ കരുതുന്നു. എന്റെ ചോദ്യം എന്താണെന്ന് വച്ചാല്‍ താങ്കള്‍ രാജ്യത്തിന് മാറ്റം കൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കുകയാണ്. പക്ഷേ മധ്യവര്‍ഗത്തില്‍ പെട്ടവര്‍ വിചാരിക്കുന്നത് സര്‍ക്കാര്‍ ഏതുവിധത്തിലും ജനങ്ങളില്‍ നിന്ന് നികുതി പിരിക്കാന്‍ വേണ്ടി മാത്രം നടക്കുന്നവരാണെന്നാണ്, അവര്‍ ആഗ്രഹിക്കുന്ന ഇളവുകളൊന്നും തന്നെ അവര്‍ക്കു ലഭിക്കുന്നില്ല. ഐടി മേഖലയിലും ബാങ്കിങ്ങ് മേഖലയിലെ ഫീസിന്റെയും പിഴയുടെയും കാര്യമെല്ലാം അതിന് ഉദാഹരണമാണ്.അവിടെയെല്ലാം ആളുകള്‍ കഴിവ് കേട് (സര്‍ക്കാരിന്റെ) കാണുന്നു അതുകൊണ്ട് നികുതി പിരിച്ചെടുക്കുന്നതു പോലെ തന്നെ പാര്‍ട്ടിയുടെ അടിത്തറയായ മധ്യവര്‍ഗക്കാര്‍ക്ക് കുറച്ച് ഇളവ് നല്‍കാനും താങ്കള്‍ ശ്രമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ഇത്തരം പരിപാടികളില്‍ വാഴ്ത്തലുകള്‍ മാത്രം കേട്ട് പരിചയിച്ച മോഡി ചോദ്യത്തില്‍ അസ്വസ്തനായി. അദ്ദേഹത്തിന്റെ പതര്‍ച്ച മറച്ചുവെയ്ക്കാന്‍ നടത്തിയ ശ്രമവും പാഴായി. താങ്കള്‍ ഒരു വ്യാപാരിയാണ് താങ്കള്‍ വ്യാപാരത്തെപ്പറ്റി സംസാരിക്കുന്നതും സാധാരണയാണെന്നും ചിരിച്ചുകൊണ്ട് പറഞ്ഞ മോഡി സാധാരണക്കാരുടെ ക്ഷേമത്തിനായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് താങ്കള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്ന് അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ മറുപടി കേട്ടുനിന്നവരെ മാത്രമല്ല, അദ്ദേഹത്തിനുതന്നെയും ബോധിച്ചില്ല. കൂടുതല്‍ അസ്വസ്തനായ പ്രധാനമന്ത്രി പുതുച്ചേരിയ്ക്ക് വണക്കം എന്ന് പറഞ്ഞ് അടുത്ത ചോദ്യത്തിലേക്ക് പോകുകയായിരുന്നു. പുതുച്ചേരിയിലെ പരിപാടി തിരിച്ചടിയായതോടെ ഇത്തരത്തിലുള്ള സമ്പര്‍ക്ക പരിപാടി എത്രത്തോളം ഫലപ്രദമാകുമെന്ന ചിന്തയിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍.

Top