മോദി ഓട്ടോഗ്രാഫ് നല്‍കിയ പെണ്‍കുട്ടി നാട്ടിലെ താരം; കല്ല്യാണ ആലോചനയുമായി നാട്ടുകാര്‍…

ബങ്കൂര: പ്രധാന മന്ത്രിയുടെ പ്രസംഗത്തിനിടെ പന്തല്‍ പൊളിഞ്ഞു വീണ് അപകടത്തില്‍പ്പെട്ട റീത്ത എന്ന കോളേജ് വിദ്യാര്‍ഥിനി ഇപ്പോള്‍ നാട്ടിലെ താരമാണ്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായവരെ സന്ദര്‍ശിക്കാനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി റീത്തയ്ക്ക് നല്‍കിയ ഓട്ടോഗ്രാഫാണ് അവളെ ഇപ്പോള്‍ പ്രശസ്തയാക്കിയിരിക്കുന്നത്. റീത്തയ്ക്കിപ്പോള്‍ നാട്ടിലും വീട്ടിലും താര പരിവേഷം ആണുള്ളത്.

അനവധി ആളുകളാണ് ഇപ്പോള്‍ റീത്തയെ സന്ദര്‍ശിക്കാനും മോദിയുടെ ഓട്ടോ ഗ്രാഫ് കാണുവാനുമായി അവളുടെ വീട്ടിലേക്ക് വരുന്നത്. പോരാത്തതിന് മോദി ഓട്ടോ ഗ്രാഫ് നല്‍കിയ മിടുക്കിയെ വിവാഹം കഴിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് നിരവധി പേരുടെ കല്ല്യാണ ആലോചനകളും ഇപ്പോള്‍ റീത്തയെ തേടി എത്തുന്നുണ്ട്. കഴിഞ്ഞ ജൂലായ് 16നാണ് റീത്തയുടെ ജീവിതം മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്.

മോദിയുടെ പ്രസംഗം കേള്‍ക്കാനായി അമ്മയ്ക്കും സഹോദരിക്കുമൊപ്പം മിഡ്‌നാപൂരിലെത്തിയതായിരുന്നു റീത്ത. പ്രസംഗം കേള്‍ക്കുന്നതിനിടെ അവരിരുന്ന ടെന്റ് തകര്‍ന്നു വീഴുകയും മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് അപകടം പറ്റിയവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ മോദിയോട് റീത്ത ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയായിരുന്നു. റീത്തയുടെ ആവശ്യം നിറവേറ്റിയ മോദി ”ആരോഗ്യവതിയായിരിക്കുക റീത്ത മുദി”എന്ന് ഓട്ടോഗ്രാഫ് എഴുതി നല്‍കി.

ഓട്ടോഗ്രാഫ് കിട്ടി തൊട്ടടുത്ത ദിവസം മുതല്‍ റീത്തയെകാണാന്‍ നിരവധി പേര്‍ എത്താന്‍ തുടങ്ങി. അതിനു മുന്നേവരെ തങ്ങളോട് സംസാരിക്കാതിരുന്നവരുള്‍പ്പെടെ ഓട്ടോഗ്രാഫ് കാണാനായെത്തുന്ന സ്ഥിതിവിശേഷമാണ് പിന്നീടുണ്ടായതെന്ന് റീത്ത പറയുന്നു. ഓട്ടോഗ്രാഫ് കാണാന്‍ എത്തിയ സന്ദര്‍ശകര്‍ മാത്രമല്ല, കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് കല്യാണാലോചനകളും വന്നെന്ന് റീത്തയുടെ അമ്മ പറഞ്ഞു. എന്നാല്‍ തന്റെ രണ്ട് പെണ്‍മക്കള്‍ക്കും ഇപ്പോള്‍ പഠനത്തിലാണ് താല്‍പര്യമെന്നും വിവാഹത്തേക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും വിവാഹാലോചനക്കാരേട് പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

00

 

Top