പാറ്റ്‌ന:അമിത് ഷായുടെ വിവാദ പടക്കറ്റ്ര്ഹ്തിനു പിന്നാലെ ബീഹാറില്‍ ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ മോഡി പടക്കവും. ബീഹാറിലെ പടക്ക നിര്‍മ്മാണ കമ്പനികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ആലേഖനം ചെയ്ത് മോഡി ബ്രാന്‍ഡ് പടക്കം വിപണിയില്‍ ഇറക്കിയത്. മോഡി ധമാക്ക എന്ന് പേരിട്ട പടക്കത്തിന് അഞ്ഞൂറ് രൂപയാണ് വില. ദീപാവലി വിപണി ലക്ഷ്യമിട്ട് പുറത്തിറക്കിയതാണെങ്കിലും ബീഹാര്‍ തെരഞ്ഞെടുപ്പ് കൂടി പടക്ക നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നു.
ബീഹാറില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി വിജയിക്കുമെന്നും ‘മോഡി ധമാക്ക’ ചൂടപ്പം പോലെ വിറ്റഴിയും എന്നുമായിരുന്നു നിര്‍മ്മതാക്കളുടെ പ്രതീക്ഷ. എന്നാല്‍ എന്‍.ഡി.എ സഖ്യം തകര്‍ന്നടിഞ്ഞതോടെ ഇനി മോഡി ധമാക്ക പൊട്ടിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത് എതിരാളികള്‍ക്കാണ്.
മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ കഴിഞ്ഞ ദീപാവലിക്കും മോഡി ബ്രാന്‍ഡ് പടക്കത്തിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇത്തവണ ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലവും ദീപാവലിയും ഒരുമിച്ച് വന്നത് മോഡി ധമാക്കയുടെ വില്‍പ്പനയ്ക്ക് ആക്കം കൂട്ടുമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. എന്നാല്‍ എന്‍.ഡി.എയുടെ പരാജയം പടക്ക വില്‍പ്പനയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഇനി കണ്ടറിയണം.അതേസമയം ബിഹാറില്‍ എങ്ങാനും ബി.ജെ.പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.’ജയവും പരാജയവും സംഭവിക്കാറുണ്ട്.
അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. അത് സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ’ ഇങ്ങനെ അണികളെ ആവേശത്തിലാഴ്ത്തി പ്രസംഗിച്ചുപോയപ്പോള്‍ അമിത് ഷാ ഓര്‍ത്തു കാണില്ല തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങുമ്പോള്‍ ഇന്ത്യയിലാകെ പടക്കം പൊട്ടുമെന്ന്. അമിത് ഷായുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.
വോട്ടര്‍മാരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് ജെഡിയു നേതാക്കളും വര്‍ഗീയ കാര്‍ഡ് കളിക്കുന്നത് ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും ഇത് ഗുജറാത്തിലും പരീക്ഷിച്ചതാണെന്നും കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിനുശേഷം മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ ബിജെപി നേതാക്കള്‍ പാകിസ്ഥാനിലേക്ക് പോകൂ എന്ന വിവാദ പരാമര്‍ശവുമായി പലവട്ടം രംഗത്ത് എത്തിയിരുന്നു.
ഏറ്റവും അവസാനം ഇതു കേള്‍ക്കേണ്ടി വന്നത് ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാനായിരുന്നു. ആ വിവാദങ്ങള്‍ക്ക് ഓരാഴ്ച പിന്നിടും മുന്‍പാണ് ബീഹാറിലെ വിജയാരവങ്ങള്‍ക്കിടയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ഏല്‍പ്പിച്ച് രാജ്യത്തെങ്ങും ഇന്ന് പടക്കങ്ങള്‍ പൊട്ടുന്നത്. ബീഹാറില്‍ ലാലുവിന്റെ വസതിക്ക് മുന്‍പില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ പടക്കങ്ങള്‍ പൊട്ടിച്ച് ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്.
അതേസമയം രാവിലെ ബീഹാറില്‍ ബിജെപി ലീഡ് ചെയ്യുന്ന വാര്‍ത്തകള്‍ അറിഞ്ഞ് പടക്കം പൊട്ടിച്ചതിന് വിശദീകരണവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ന് എല്‍.കെ. അദ്വാനിയുടെ ജന്മദിനമാണെന്നും അതിന്റെ ആഹ്ലാദത്തില്‍ പങ്കുചേരുവാനാണ് പടക്കം പൊട്ടിച്ചതെന്നുമാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയത്.
അതേസമയം ബീഹാറിലെ മഹാസഖ്യത്തിനുണ്ടായ വലിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് ധാരാളം രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തുകയുണ്ടായി. ബീഹാറില്‍ ഗംഭീര വിജയം കരസ്ഥമാക്കിയ മഹാസഖ്യമുന്നണിയെയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിനെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ അഭിനന്ദിച്ചു. മതനിരപേക്ഷതയ്ക്കും, വര്‍ഗീയതയ്ക്കും എതിരായിട്ടാണ് ബീഹാറിലെ വിജയത്തെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് നിതീഷ്‌കുമാറിന് ഈ മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.