ആദ്യ രാഷ്ട്രീയ ഗൗരവ് സമ്മാന്‍ മലയാളിക്ക്; തിരുവനന്തപുരത്തുകാരന്‍ പ്രജീഷിന് കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ പുരസ്‌കാരം സമ്മാനിച്ചു

ഡല്‍ഹി: ദേശീയ യൂത്ത് അവാര്‍ഡീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ പ്രഥമ രാഷ്ട്രീയ ഗൗരവ് സമ്മാന്‍ മലയാളിക്ക്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ എ.പി.പ്രജീഷ് ദില്ലിയിലെ ആന്ധ്ര ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വിജയ് ഗോയലില്‍ നിന്നും കഴിഞ്ഞ ദിവസം പുരസ്‌കാരം ഏറ്റുവാങ്ങി. യുവജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ സംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കു നല്‍കുന്ന പുരസ്‌ക്കാരമാണ് രാഷ്ട്രീയ ഗൗരവ് സമ്മാന്‍.
പുരസ്‌ക്കാരത്തിന്റെ പ്രഥമ പതിപ്പിനാണ് എ.പി.പ്രജീഷ് ആര്‍ഹനായത്. പരിപാടിയില്‍ കേന്ദ്ര മന്ത്രി രാംദാസ് അട്‌ലെയും പങ്കെടുത്തു. ശ്രീകാര്യം ഗാന്ധിപുരം സ്വദേശിയായ എ.പി.പ്രജീഷ് യുവജന കൂട്ടായ്മയായ നിര്‍ഭയ ഡിബേറ്റിംഗ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്. കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ ഉടനീളം യുവജനങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പ്രജീഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇതിന് മുമ്പും പ്രജീഷിനെ തേടി ദേശീയ പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയവും യുവജന കാര്യ വകുപ്പും ചേര്‍ന്ന് നടത്തിയ ദേശീയോഗ്രഥന പ്രസംഗ മത്സരത്തിലും പ്രജീഷ് വിജയിയായിരുന്നു.

Top