നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട മന്ത്രിമാരും ബിജെപി സ്ഥാനാര്‍ഥികള്‍; കര്‍ണാടയില്‍ പുതിയ വിവാദം

ബാഗ്ലൂർ :നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് വിവാദത്തിലായ മന്ത്രിമാരും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി ജനവിധി തേടും. സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സവാദിയും പരിസ്ഥിതി, തുറമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ജെ കൃഷ്ണ പലേമറും ശിക്ഷുക്ഷേമ വകുപ്പ് മന്ത്രി സിസി പാട്ടീലുമാണ് നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ട് ചാനല്‍ കാമറയില്‍ കുടങ്ങിയത്. 2012 നടന്ന ഈ സംഭവം വലിയ വിവാദമായിരുന്നു. സംഭവം ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ തലവേദന ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് മൂന്ന് പേര്‍ക്കും മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.

ലക്ഷ്മണ്‍ സവാദിക്കും സിസി പാട്ടീലിനുമാണ് ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കിയിരിക്കുന്നത്. സവാദി അതാനി മണ്ഡലത്തിലും പാട്ടീല്‍ നാര്‍ഗുണ്ടിലും മത്സരിക്കും. അതേസമയം നാല് സീറ്റുകളില്‍ ബിജെപി ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട് ബദാമി, വരുണ, സക്ലേഷ്പൂര്‍, സിഡ് ഘട്ട എന്നീ മണ്ഡലങ്ങളില്‍. ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ കൃഷ്ണ പലേമറും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പോണ വീഡിയോ കണ്ടമന്ത്രിമാരെ സ്ഥാനാര്‍ഥികളാക്കിയ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍. തിരഞ്ഞെടുപ്പില്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. ബിജെപി രണ്ടാം സ്ഥാനത്തും ജനതാദള്‍ സെക്കുലര്‍ മൂന്നാം സ്ഥാനത്തുമെത്തുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. ടൈംസ് നൗ- വിഎംആര്‍ സര്‍വേ ഫലമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

മൂന്നാം സ്ഥാനത്ത് എത്തുന്ന ജെഡിഎസിന്റെ തീരുമാനം ആയിരിക്കും സംസ്ഥാനം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 113 സീറ്റ് ആണ്.സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 91ഉം ബി.ജെ.പിക്ക് 89ഉം സീറ്റുകളുമാണ് ലഭിക്കുക. ജെഡിഎസ്-ബിഎസ്പി സഖ്യം 40 സീറ്റുകള്‍ നേടി നിര്‍ണായക പങ്ക് വഹിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ നേടിയ 40 സീറ്റിനെ അപേക്ഷിച്ച് ബിജെപി നില മെച്ചപ്പെടുത്തും. നിലവിലുള്ള 122ല്‍ നിന്ന് കോണ്‍ഗ്രസ് 91 സീറ്റിലേക്ക് കുറയുമെന്നും ടൈംസ് നൗ- വിഎംആര്‍ സര്‍വെ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന തരത്തില്‍ സി-ഫോര്‍ ഏജന്‍സി സര്‍വേ ഫലം പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ് സീറ്റ് നില 123ല്‍ നിന്ന് 126 ആകും. ബിജെപിയുടേത് 40ല്‍ നിന്ന് 70 ആയി ഉയരും. എന്നാല്‍, 40 സീറ്റ് ലഭിച്ച ജെ.ഡി.എസ് 27 സീറ്റിലേക്ക് ഒതുങ്ങുമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ എബിപിസിഎസ്ഡിഎസ് സര്‍വേ ഫലം ബിജെപിക്കാണ് നേരിയ മുന്‍തൂക്കം നല്‍കുന്നത്. ബിജെപിക്ക് 89 മുതല്‍ 95 സീറ്റു കിട്ടുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് 85 മുതല്‍ 91 വരെ സീറ്റുകള്‍. എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ് 32 മുതല്‍ 38 വരെ സീറ്റുകള്‍ നേടും.

 

Top