അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകള്‍കൂടി ഇന്ന് വിധിയെഴുതും. ഇതോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിന്റെ ആകാംക്ഷയിലേക്ക് കേരളം കടക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 1.4 കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്തുക. ആവേശകരമായ പ്രചാരണവും വീറുറ്റ പോരാട്ടവും നടന്ന ഈ ജില്ലകളില്‍ മികച്ച പോളിങ് നടക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ ബി.ജെ.പി.എസ്.എന്‍.ഡി.പി. യോഗം കൂട്ടുകെട്ടിന്റെ സജീവസാന്നിധ്യമുള്ള ജില്ലകളാണ് പത്തനംതിട്ടയും ആലപ്പുഴയും കോട്ടയവും. കോട്ടയത്തും എറണാകുളത്തും മലപ്പുറത്തും കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും യു.ഡി.എഫ്. കോട്ടകള്‍ തീര്‍ത്തിരുന്നു. എന്നാല്‍, മുന്നണിവിട്ടുള്ള അവിശുദ്ധ സഖ്യങ്ങളും സൗഹൃദ മത്സരങ്ങളും വിമതരുമൊക്കെ ഇവിടങ്ങളില്‍ യു.ഡി.എഫിന് തലവേദനയാവുന്നതാണ് പ്രചാരണത്തില്‍ കണ്ടത്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു മേല്‍ക്കൈ.

Top